ആമസോണിലെ ജോലിക്കായി യുവാവ് ഉപേക്ഷിച്ചത് മൈക്രോസോഫ്റ്റ്; കാനഡയിൽ ചെന്നപ്പോൾ കൈമലർത്തി കമ്പനി
ജോയിൻ ചെയ്യേണ്ട തീയതിയുടെ തലേന്ന് ഓഫർ പിൻവലിച്ചതായി കമ്പനി അറിയിക്കുകയായിരുന്നു.
ആമസോണിലെ ജോലിക്ക് വേണ്ടി മൈക്രോസോഫ്റ്റ് വിട്ട് പ്രതിസന്ധിയിലായി യുവാവ്. ആമസോൺ ജോബ് ഓഫർ പിൻവലിച്ചതോടെ ധർമസങ്കടത്തിലായിരിക്കുകയാണ് ബെംഗളൂരു സ്വദേശി ആരുഷ് നാഗ്പാൽ.
മൈക്രോസോഫ്റ്റ് ഇന്ത്യയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്ന ആരുഷിനെ കാനഡയിലെ ഓഫീസിലേക്കാണ് ആമസോൺ ക്ഷണിച്ചത്. ഓഫർ പ്രകാരം കാനഡയിലെ വാൻഗൂവറിലേക്ക് ആരുഷ് താമസം മാറുകയും ചെയ്തു. എന്നാൽ ജോയിൻ ചെയ്യേണ്ട തീയതിയുടെ തലേന്ന് ഓഫർ പിൻവലിച്ചതായി കമ്പനി അറിയിക്കുകയായിരുന്നു. കാനഡയിലേക്ക് പുറപ്പെടും മുമ്പ് യാത്രാവിവരം കമ്പനിയെ അറിയിച്ചിരുന്നുവെന്നും വർക്ക് പെർമിറ്റ് ഉൾപ്പടെ തനിക്ക് ലഭിച്ചുവെന്നും ആരുഷ് പറയുന്നു.
നിലവിലെ സാഹചര്യത്തിൽ ആമസോണിൽ എഞ്ചിനീയറെ ആവശ്യമുള്ള ഏത് ടീമിനൊപ്പവും വർക്ക് ചെയ്യാനാകുമെന്നാണ് യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ കൂട്ടിച്ചേർക്കുന്നത്. മുമ്പുണ്ടായിരുന്ന സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്യാനും താൻ സന്നദ്ധനാണെന്നും ആരുഷ് കുറിപ്പിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ഗൂഗിളിലെ ഒരു എഞ്ചിനീയറിൽ നിന്നും സമാന രീതിയിൽ ആമസോൺ ജോബ് ഓഫർ പിൻവലിച്ചിരുന്നു.