മെറ്റ; ഫെയ്‌സ്ബുക്കിന്റെ പുതിയ പേര് കേട്ട് ഞെട്ടി ഇസ്രായേലുകാർ
കമ്പനി റീബ്രാൻഡിങ്ങിനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു
ഫെയ്സ്ബുക്കിന്റെ പുതിയ പേര് മെറ്റ എന്നാക്കി മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം കേട്ട് ഞെട്ടി ഇസ്രായേലുകാർ. ഹീബ്രു ഭാഷയിൽ മെറ്റാ എന്നാൽ മരിച്ചവർ എന്നാണ് അർത്ഥം. എന്തായാലും സംഭവം സാമൂഹിക മാധ്യമങ്ങളിൽ ചിരി ഉണർത്തിയിരിക്കുകയാണ്. ചിരിക്കാനൊരു വക കണ്ടെത്തി തന്നതിന് ഹീബ്രു ഭാഷക്കാർക്ക് നന്ദി പറയുകയാണ് ചിലർ.
മെറ്റയുടെ കീഴിലായിരിക്കും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ ആപ്പുകൾ പ്രവർത്തിക്കുക. കമ്പനിയുടെ പേരു മാറ്റിയതായി സി.ഇ.ഒ മാർക്ക് സക്കർബർഗ് തന്നെയാണ് പ്രഖ്യാപിച്ചത്. കമ്പനി റീബ്രാൻഡിങ്ങിനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഒരു സോഷ്യൽ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിലയിരുത്തൽ. ഫേസ്ബുക്ക് പ്ലാറ്റ്ഫോം നിലവിലുള്ളത് പോലെ തുടരുന്നതിനാൽ പേരുമാറ്റം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. ബ്രാൻഡ് നെയിം മാറ്റത്തോടെ സ്മാർട്‌ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉത്പന്നങ്ങളുടെ നിർമാണത്തിലേക്ക് കടക്കാൻ സക്കർബർഗ് ആഗ്രഹിക്കുന്നുവെന്നാണ് വിവരം. ഇന്റർനെറ്റിന്റെ ഭാവിയാണ് മെറ്റാവേഴ്സ് എന്നാണ് സക്കർബർഗ് വ്യക്തമാക്കിയത്.