24 കോടി കമ്പ്യൂട്ടറുകൾക്ക് എട്ടിന്റെ പണിവരുന്നു
വിൻഡോസ് 10 നുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്
കമ്പ്യൂട്ടറുകളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ (ഒ.എസ്) വിൻഡോസ് 10 നുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇത് ലോകത്തെ 24 കോടി കമ്പ്യൂട്ടറുകളെ ബാധിച്ചേക്കുമെന്നാണ് വിവരം. ഇത്രയും കമ്പ്യൂട്ടറുകൾ ഉടനെ ഇ വേസ്റ്റായി മാറുമെന്ന് അനലറ്റിക് സ്ഥാപനമായ കാനലിസിന്റെ റിപ്പോർട്ടിൽ പറയുന്നു.
എ.ഐയെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ആധുനികമായ ഓപ്പറേറ്റിങ്ങ് സിസ്റ്റമായിരിക്കും മൈക്രോസോഫ്റ്റ് ഇനി അവതരിപ്പിക്കുക. 2025 ഒക്ടോബർ മുതൽ പിന്തുണ പിൻവലിക്കാനാണ് മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ 2028 വരെ വിവിധ അപ്ഡേഷനുകൾ വാര്‍ഷിക ഫീസ് ഈടാക്കി നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ഘട്ടംഘട്ടമായി 24 കോടി കമ്പ്യൂട്ടറുകൾ ഉപേക്ഷിക്കപ്പെടും. ഇതുവഴി ഏകദേശം 48 കോടി കിലോഗ്രാം ഇലക്ട്രോണിക് വേസ്റ്റുകളായിരിക്കും ലോകത്തുണ്ടാകാൻ പോകുന്നത്. ഇത് 3,20,000 കാറുകളുടെ ഭാരത്തിന് സമാനമായിരിക്കുമെന്ന് റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ അപ്ഡേഷനുകൾ ഇല്ലാതെയും ഉപയോഗിക്കാനാവുമെങ്കിലും അധികകാലം ആ അവസ്ഥയിൽ ഉപഭോക്താക്കൾക്ക് തുടരാനാവില്ലെന്നും അത് കംപ്യൂട്ടറുകൾ ഉപേക്ഷിക്കപ്പെടാനിടയാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.