സക്കർബർഗുമായുള്ള ഇടി എക്‌സിൽ ലൈവ് സ്ട്രീം: ഇലോൺ മസ്‌ക്
ലൈവിൽ നിന്ന് ലഭിക്കുന്ന വരുമാനം പ്രായമായവർക്കുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്നും മസ്‌ക്
മെറ്റ സിഇഒ മാർക്ക് സക്കർബർഗുമായുള്ള ഇടി എക്‌സിൽ ലൈവ് സ്ട്രീം ചെയ്യുമെന്ന് എക്‌സ് (മുമ്പ് ട്വിറ്റർ ) ഉടമ ഇലോൺ മസ്‌ക്. ലൈവിൽ നിന്ന് ലഭിക്കുന്ന വരുമാനം പ്രായമായവർക്കുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്നും മസ്‌ക് ഞായറാഴ്ച ട്വീറ്റ് ചെയ്തു. മത്സരം എന്ന് നടക്കുമെന്ന് വ്യക്തമല്ല.
പുരുഷന്മാർക്ക് യുദ്ധം ഇഷ്ടമാണെന്നും യുദ്ധത്തിന്റെ പുരോഗമിച്ച പതിപ്പാണ് ഇടിമത്സരം എന്നുമായിരുന്നു ഇടിയുടെ പ്രസക്തിയെ കുറിച്ച് ചോദിച്ച ട്വിറ്റർ ഉപയോക്താവിന് മസ്‌ക് നൽകിയ മറുപടി. ജിജിറ്റ്‌സുവിൽ പരിശീലനം നേടിയിട്ടുള്ള മസ്‌കുമായി കേജ് ഫൈറ്റിന് തയ്യാറാണെന്ന് ജൂണിൽ മസ്‌ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള മത്സരത്തെ കുറിച്ച് ചർച്ചകളുടലെടുക്കുന്നത്. സക്കർബർഗ് വെല്ലുവിളി സ്വീകരിക്കുകയും ചെയ്തു. ഇടമത്സരം എവിടെയാണ് നടത്തേണ്ടതെന്ന് സക്കർബർഗ് ഇൻസ്റ്റഗ്രാമിലൂടെ ചോദ്യമുന്നയിച്ചപ്പോൾ മിക്‌സ്ഡ് മാർഷ്യൽ ആർട്‌സ് പോരാട്ടവേദിയായ വേഗസ് ഒക്ടഗൺ ആൺ മസ്‌ക് നിർദേശിച്ചത്.
മത്സരത്തിനായി താൻ തയ്യാറെടുക്കുകയാണെന്നും ദിവസേന വെയിറ്റ് ലിഫ്റ്റിംഗ് നടത്തുന്നുണ്ടെന്നും ഞായറാഴ്ച മറ്റൊരു ട്വീറ്റിൽ മസ്‌ക് കുറിച്ചിരുന്നു. മസ്‌കിന്റെ പുതിയ ട്വീറ്റിനോട് മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.