വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ ട്വിറ്റർ ഇടപാടിൽ നിന്ന് പിന്മാറുമെന്ന് മസ്‌കിന്റെ ഭീഷണി
ഏപ്രിൽ ലയന കരാറിന് കീഴിലുള്ള വിവരാവകാശത്തെ കമ്പനി എതിർക്കുകയും തടയുകയും ചെയ്യുകയാണെന്ന് മസ്‌കിന്റെ അഭിഭാഷകർ കത്തിൽ പറയുന്നു
ന്യൂയോർക്ക്: വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ ട്വിറ്റർ ഇടപാടിൽ നിന്ന് പിന്മാറുമെന്ന് ഇലോൺ മസ്‌കിന്റെ ഭീഷണി. 229 മില്യൺ അക്കൗണ്ടുകളിൽ എത്ര അക്കൗണ്ടുകൾ വ്യാജമാണെന്ന കണക്ക് നൽകാത്തതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്റർ ഇടപാടിൽ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി മസ്‌ക് രംഗത്തെത്തിയത്.
'ട്വിറ്റർ ഇതുവരെ കമ്പനിയുടെ ടെസ്റ്റിങ് രീതികൾ മാത്രമാണ് മസ്‌കിന് നൽകിയിട്ടുള്ളത്.മറ്റുള്ള വിവരങ്ങളൊന്നും നൽകാൻ തയ്യാറായിട്ടില്ല'. ട്വിറ്ററിന് എഴുതിയ കത്തിൽ മസ്‌കിന്റെ അഭിഭാഷകർ വ്യക്തമാക്കുന്നു. ഏപ്രിൽ ലയന കരാറിന് കീഴിലുള്ള വിവരാവകാശത്തെ കമ്പനി എതിർക്കുകയും തടയുകയും ചെയ്യുകയാണെന്ന് മസ്‌കിന്റെ അഭിഭാഷകർ കത്തിൽ പറയുന്നു.
അതേസമയം, ട്വിറ്റർ ഷെയറുകളുടെ വില മസ്‌കിന്റെ ഇടപെടലുകൾ മൂലം കുറയുന്നതായി ആരോപിച്ച് ഷെയർ ഉടമകൾ കഴിഞ്ഞമാസം രംഗത്തെത്തിയിരുന്നു. ഷെയറുകളുടെ കാര്യത്തിൽ 23% ഇടിവായിരുന്നു കഴിഞ്ഞമാസം രേഖപ്പെടുത്തിയത്.
4,400 കോടി യു.എസ് ഡോളറിനാണ് 'ടെസ്‌ല' സി.ഇ.ഒ ആയ മസ്‌ക് ട്വിറ്ററുമായി കരാറിലെത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള സാധ്യത വേണ്ട വിധത്തിൽ 'ട്വിറ്റർ' ഉപയോഗപ്പെടുത്തുന്നില്ല എന്നതിനാലാണ് താൻ ഈ ഇടപാട് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഉപയോക്താക്കളുടെ വിശ്വാസം ആർജിക്കാൻ ഇത് സ്വകാര്യ കമ്പനിയാകണമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 14നാണ് ഒരു ഓഹരിക്ക് 54.20 ഡോളർ അല്ലെങ്കിൽ ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റർ വാങ്ങുമെന്ന് മസ്‌ക് പ്രഖ്യാപിച്ചത്.