ഒറ്റയടിക്ക് കുറഞ്ഞത് മൂന്നു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്; നാസ് ഡെയ്‌ലിക്ക് എന്തു സംഭവിച്ചു?

ആഗസ്റ്റ് നാലു മുതൽ ആറു വരെ മാത്രം 306,900 പേരാണ് പേജ് അൺഫോളോ ചെയ്തത്

Update: 2021-08-06 12:51 GMT
Editor : abs | By : Web Desk
Advertising

ലോകത്തുടനീളം ലക്ഷക്കണക്കിന് ആരാധകരുള്ള വ്‌ളോഗറാണ് നുസൈർ യാസിൻ. വ്‌ളോഗിങ്ങിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ്, നാസ് ഡൈലി 20 ദശലക്ഷത്തിലധികം പേരാണ് പിന്തുടരുന്നത്. എന്നാൽ ഈയിടെയുണ്ടായ ചില വിവാദങ്ങൾ നാസ് ഡെയ്‌ലിയുടെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ വലിയ ഇടിവാണ് ഉണ്ടാക്കിയത്. ഓഗസ്റ്റ് അഞ്ചിനു മാത്രം 2.75 ലക്ഷം പേരാണ് യാസിന്റെ പേജ് അൺഫോളോ ചെയ്തതെന്ന് ഫേസ്ബുക്ക് അപഗ്രഥന ടൂളായ ക്രൗഡ് ടാൻഗ്ൾ ഡാറ്റ പറയുന്നു. 

ഫിലിപ്പിനോ ടാറ്റൂ കലാകാരി വാങ് ഓഡ് ഒഗ്ഗയുമായി ബന്ധപ്പെട്ട വിവാദമാണ് നാസ് ഡെയ്‌ലിക്ക് തിരിച്ചടിയായത്. 104 വയസ്സുള്ള വാങ് ഓഡിൽ നിന്ന് ടാറ്റൂ പഠിപ്പിക്കാനുള്ള അനുമതി തങ്ങൾ വാങ്ങിയെന്നും അതിനായി ഓൺലൈൻ അക്കാദമി തുടങ്ങിയെന്നുമാണ് യാസിൻ അറിയിച്ചിരുന്നത്. വാങ് ഓഡുമായി കരാറിൽ ഒപ്പുവയ്ക്കുന്നതിന്റെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

ഫിലിപ്പൈനിലെ ആയിരത്തിലേറെ വർഷം പഴക്കമുള്ള ടാറ്റൂ കലയാണ് വാങ് ഓഡിന്റേത്. കലിംഗ ടാറ്റൂ വിദ്യയിലെ അവസാനത്തെ കലാകാരിയായാണ് ഇവർ അറിയപ്പെടുന്നത്.

എന്നാൽ നാസ് ഡെയ്‌ലിയുടേത് അഴിമതിയാണ് എന്ന ആരോപണവുമായി വാങ് ഓഡിന്റെ കൊച്ചുമകൾ ഗ്രാഷ്യ പാലികാസ് രംഗത്തെത്തി. 'നാസ് ഡെയ്‌ലിയുമായോ മറ്റേതെങ്കിലും അക്കാദമിയുമായോ എന്റെ മുത്തശ്ശി ഒരു കരാറും ഒപ്പിട്ടിട്ടില്ല. ചിലർ ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഗുണമെടുക്കുകയാണ്. ബട്‌ബോട് ഗോത്രത്തോടും അപോ വാങ് ഓഡ് സംസ്‌കൃതിയോടുള്ള അനാദരവ് ഇല്ലാതാക്കാൻ നിങ്ങളുടെ എല്ലാവരുടെയും സഹായം വേണം' - അവർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. ഈ കുറിപ്പ് നിരവധി പേര്‍ ഏറ്റെടുത്തതോടെ സംഗതി കുഴഞ്ഞു.  



ദ കോകോ പ്രോജക്ട് ഫൗണ്ടർ ലൂയിസ് മബുലെ യാസിനെതിരെ നടത്തിയ ആരോപണങ്ങളും സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കുറയാൻ കാരണമായി. ക്ലിക് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഉള്ളടക്കങ്ങളെ (ക്ലിക്കബ്ൾ കണ്ടന്റ്) കുറിച്ച് മാത്രമാണ് യാസിന്റെ ശ്രദ്ധയെന്നും അദ്ദേഹം കർഷകരെ അപമാനിച്ചുവെന്നുമായിരുന്നു മബുലെയുടെ ആരോപണം. 'ഒരു മാറ്റം ഉണ്ടാക്കാനോ, യഥാർത്ഥ പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശാനോ അദ്ദേഹത്തിന് താത്പര്യമില്ല. കൂടുതൽ ഫിനിപ്പിനോകൾ കാണുന്ന ലളിതമായ ഉള്ളടക്കങ്ങൾ മാത്രമാണ് അദ്ദേഹത്തിന് വേണ്ടത്. പ്രാദേശിക ഭാഷയെ അദ്ദേഹം പരിഹസിച്ചു' - അവർ ആരോപിച്ചു.

ഇതിന് പിന്നാലെയാണ് നാസ് ഡെയ്‌ലിയുടെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ വലിയ ഇടിവുണ്ടായത്. ആഗസ്റ്റ് നാലു മുതൽ ആറു വരെ മാത്രം 306,900 പേരാണ് പേജ് അൺഫോളോ ചെയ്തത്. അഞ്ചിന് മാത്രം 275,200 അൺഫോളോസുകളാണ് വന്നതെന്ന് ക്രൗഡ് ടാൻഗ്ൾ പറയുന്നു. 

ഗ്രാഷ്യ പാലികാസിന്റെയും ലൂയിസ് മബുലെയുടെയും ആരോപണങ്ങൾ നാസ് ഡെയ്‌ലി നിഷേധിച്ചിട്ടുണ്ട്. അറബ്-ഇസ്രയേലി വ്‌ളോഗറായ നുസൈർ യാസിൻ വൺ മിനിറ്റ് വീഡിയോയിലൂടെയാണ് ശ്രദ്ധേയനായത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News