വീട്ടുകാർക്ക് മാത്രം പാസ്‍വേഡ് പങ്കുവയ്ക്കാം; നെറ്റ്ഫ്ലിക്സിന്റെ നിയന്ത്രണം ഇന്ത്യയിലും
വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം.
പാസ്‍വേഡ് പങ്കുവയ്ക്കുന്നതിലെ നിയന്ത്രണം ഇന്ത്യയിലും നടപ്പാക്കാനൊരുങ്ങി ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്‍ഫ്ലിക്സ്. മറ്റ് രാജ്യങ്ങളിൽ ഇതിനോടകം തന്നെ പ്രാബല്യത്തിൽവന്ന നിയന്ത്രണമാണ് ഇന്ത്യയിലുമെത്തുന്നത്. നെറ്റ്ഫ്ലിക്സ് വരിക്കാരായ വ്യക്തിക്ക് പുറമെ, വീട്ടിലുള്ളവര്‍ക്ക് മാത്രം പാസ്‌വേഡ് പങ്കുവയ്ക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ പരിഷ്‌കാരം. വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം.
പാസ്‌വേഡ് പങ്കുവയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനകൾ നെറ്റ്ഫ്ലിക്സ് നിരന്തരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ബോറോവർ, ഷെയേർഡ് അക്കൗണ്ടുകളും ചില രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പരീക്ഷിച്ചിരുന്നു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അധിക തുക നല്‍കി കൂടുതല്‍ യൂസര്‍മാരെ അക്കൗണ്ടില്‍ ചേര്‍ക്കാനോ പ്രൊഫൈലുകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ സാധിക്കും. നൂറിലേറെ രാജ്യങ്ങളിലേക്ക് ഈ പോളിസി വ്യാപിപ്പിക്കുകയാണെന്ന് നെറ്റ്ഫ്ലിക്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ വരിക്കാറുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്ലിക്സ്. ലോകത്തെങ്ങുമായി പത്തു കോടിയിലേറെ വീട്ടുകാർ പാസ്‌വേഡ് പങ്കുവച്ച് ഉപയോഗിക്കുന്നുണ്ടെന്നാണ് നെറ്റ്ഫ്ലിക്സ് പുറത്തുവിടുന്ന റിപ്പോർട്ടുകൾ.