ടൈപ്പ് ചെയ്യുന്ന ശബ്ദത്തിൽ നിന്നു വരെ പാസ്‌വേർഡ് പൊക്കും; ന്യൂജെൻ കള്ളന്മാർ ചില്ലറക്കാരല്ല !
സൈബർ ലോകത്തിന് വൻ ഭീഷണിയാണ് കണ്ടെത്തലെങ്കിലും പാസ്‌വേർഡുകൾ അക്കൗസ്റ്റിക്ക് ഹാക്കർമാരിൽ നിന്ന് സംരക്ഷിക്കുന്നതിന് ചില നുറുങ്ങുവിദ്യകളും ഗവേഷകർ പങ്കു വയ്ക്കുന്നുണ്ട്...
ടൈപ്പ് ചെയ്യുന്ന ശബ്ദത്തിൽ നിന്ന് പാസ് വേർഡ് ചോർത്തിയെടുക്കാമെന്ന പുതിയ കണ്ടെത്തലുമായി ഗവേഷകർ. അക്കൗസ്റ്റിക് സൈഡ് ചാനൽ അറ്റാക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ടെക്‌നിക്ക് ഹാക്കിംഗ് ലോകത്തെ പുതിയ ടൂൾ ആയാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്.
ടൈപ്പ് ചെയ്യുമ്പോൾ കീബോർഡ് ഉണ്ടാക്കുന്ന ശബ്ദങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ നൂതനമായ എഐ ടൂളുകളുള്ള ഹാക്കർമാർ ടൈപ്പ് ചെയ്യുന്ന അക്കങ്ങളും അക്ഷരങ്ങളും വിശകലനം ചെയ്ത് പാസ്‌വേർഡ് ആക്‌സസ് ചെയ്യുമെന്നാണ് ജോഷ്വാ ഹാരിസൺ, എഹ്‌സാൻ ടൊറേനി, മറിയം മെഹർനെഷാദ് എന്നീ സൈബർ സുരക്ഷാ ഗവേഷകരുടെ കണ്ടെത്തൽ.
മാക്ബുക്ക് പ്രോ ഉപയോഗിച്ചാണ് ഇവർ പരീക്ഷണം നടത്തിയത്. കീബോർഡിൽ നിന്നുള്ള ശബ്ദം പിടിച്ചെടുക്കാനായി തുണിയിൽ പൊതിഞ്ഞ് ഐഫോൺ 13 മിനി ഇവർ 17 സെന്റിമീറ്ററോളം അകലെ വെച്ചിരുന്നു. ഇത് കൂടാതെ ലാപ്‌ടോപിലെ റെക്കോർഡിംഗ് ഫംഗ്ഷനും ഓൺ ആക്കി. പിന്നീട് ഈ ശബ്ദങ്ങളെല്ലാം പിടിച്ചെടുക്കാൻ എഐ സാങ്കേതിക വിദ്യയാൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് കംപ്യൂട്ടർ പ്രോഗ്രാമിനെ പരിശീലിപ്പിച്ചു. അതിശയിപ്പിക്കുന്ന കൃത്യതയോടെ ഏത് കീകളാണ് അമർത്തുന്നതെന്ന് വിജയകരമായി എഐ കംപ്യൂട്ടർ കണ്ടെത്തി.
സൈബർ ലോകത്തിന് വൻ ഭീഷണിയാണ് കണ്ടെത്തലെങ്കിലും പാസ്‌വേർഡുകൾ അക്കൗസ്റ്റിക്ക് ഹാക്കർമാരിൽ നിന്ന് സംരക്ഷിക്കുന്നതിന് ചില നുറുങ്ങുവിദ്യകളും ഗവേഷകർ പങ്കു വയ്ക്കുന്നുണ്ട്.
- എഐയ്ക്ക് കണ്ടുപിടിക്കാൻ സാധിക്കാത്ത വിധം കോംപ്ലക്‌സ് ആയ പാസ്‌വേർഡുകൾ ക്രിയേറ്റ് ചെയ്യുകയാണ് ഒരു വഴി.
- വലുതും ചെറുതുമായ അക്ഷരങ്ങൾ പാസ്‌വേർഡിൽ ഉൾപ്പെടുത്തണം. കൂടുതൽ പരിരക്ഷ നൽകാനായി ഷിഫ്റ്റ് കീ ഉപയോഗിക്കാം.
- വീഡിയോ കോളിൽ ആണെങ്കിൽ മൈക്കിന് സമീപം ചെറിയ രീതിയിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് നൽകാം.
സാങ്കേതിക വിദ്യ കൂടുതൽ പുരോഗതി പ്രാപിക്കുന്ന കാലത്ത് സൈബർ ഭീഷണികളിൽ നിന്നും രക്ഷ നേടാൻ അൽപം കടന്നു ചിന്തിച്ചേ മതിയാകൂ. പുതിയ കണ്ടെത്തൽ വലിയ ഭയം സൃഷ്ടിക്കുന്നുണ്ടെങ്കിലും വിവരങ്ങൾ ഭദ്രമായി സൂക്ഷിക്കാൻ സാങ്കേതിക വിദ്യയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള വഴികൾ നമുക്ക് കണ്ടെത്താനാകുമെന്ന ഓർമപ്പെടുത്തൽ കൂടിയാണിത്.