ഐഫോണിനൊപ്പം ചാർജറില്ല; ആപ്പിളിന് വീണ്ടും പിഴ
10 കോടി ബ്രസീൽ റിയൽ ആണ് (1.9 കോടി ഡോളർ) പിഴ വിധിച്ചത്
സാവോപോളോ: ഐഫോണിനൊപ്പം ചാർജറുകൾ വിൽക്കാത്തിന്റെ പേരിൽ ആപ്പിളിന് ബ്രസീലിൽ വീണ്ടും പിഴ ശിക്ഷ. 10 കോടി ബ്രസീൽ റിയൽ ആണ് (1.9 കോടി ഡോളർ) പിഴ വിധിച്ചത്. ബ്രസീലിലെ ഉപഭോക്താക്കളുടേയും നികുതിദായകരുടേയും അസോസിയേഷൻ നൽകിയ ഹർജിയിൽ സാവോപോളോയിലെ സിവിൽ കോടതിയാണ് ആപ്പിളിന് പിഴ വിധിച്ചത്. മോശമായ പെരുമാറ്റമാണ് കമ്പനിയുടേതെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, വിധിയ്ക്കെതിരെ അപ്പീൽ നൽകുമെന്ന് ആപ്പിൾ പ്രതികരിച്ചു. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ രീതിയെന്നാണ് ചാർജർ ഫോണിനൊപ്പം നൽകാത്തതിന് കമ്പനിയുടെ വിശദീകരണം. എന്നാൽ 'ഗ്രീൻ ഇനിഷ്യേറ്റീവ്' എന്ന കാരണം പറഞ്ഞ് കമ്പനി നേരത്തെ ഉൽപന്നത്തിനൊപ്പം നൽകിയ ചാർജർ അഡാപ്റ്ററുകൾ പ്രത്യേകം വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കുകയാണെന്ന് കോടതി പറഞ്ഞു.
ഐഫോണുകൾക്കൊപ്പം ചാർജറുകൾ നൽകാത്തതിന്റെ പേരിൽ ഐഫോൺ വിൽപന നിർത്തിവെക്കാൻ ബ്രസീലിയൻ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. നിരോധനം ഉണ്ടായിട്ടും രാജ്യത്തെ ഐഫോൺ വിൽപന കമ്പനി തുടർന്നിരുന്നു.