മറ്റുഭാഷക്കാരുമായി സംസാരിക്കാൻ ഇനി ടെൻഷൻ വേണ്ട; തത്സമയ കോൾ തർജ്ജമയുമായി സാംസങ്

ഫോണിന്റെ കോളിങ് ഫംഗ്ഷനിൽ എ.ഐ ലൈവ് ട്രാൻസലേറ്റ് കോൾ ഫീച്ചർ ലഭ്യമാക്കുന്ന ആദ്യ കമ്പനികളിലൊന്നാണ് സാംസങ്

Update: 2023-11-10 13:56 GMT
Advertising

മറ്റുഭാഷക്കാരുമായി സംസാരിക്കാൻ ഇനി ടെൻഷൻ വേണ്ട, ഫോൺ കോളുകൾ തത്സമയം തർജ്ജമ ചെയ്യാൻ കഴിവുള്ള ഗ്യാലക്‌സി എ.ഐ എന്ന നിർമിത ബുദ്ധി സേവനവുമയി സാംസങ്. എ.ഐ ലൈവ് ട്രാൻസലേറ്റ് കോൾ എന്ന് പേരിട്ട ഈ എ.ഐ ഫീച്ചർ മറ്റു ഭാഷക്കാരുമായി ഫോണിൽ സംസാരിക്കുമ്പോൾ അവർ സംസാരിക്കുന്നതിന്റെ തർജ്ജമ തത്സമയം ടെക്സ്റ്റായും ശബ്ദമായും ലഭ്യമാക്കും. ഗ്യാലക്‌സി എ.ഐ എന്ന ഈ സേവനം മുൻനിര കമ്പനികളുമായി സഹകരിച്ച് ഒരുക്കിയ ക്ലൗഡ് അധിഷ്ഠിത എ.ഐയും സാംസങ് വികസിപ്പിച്ച എ.ഐയും അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.

സാംസങ്ങിന്റെ ഫോൺ ആപ്പിലാണ് എ.ഐ ലൈവ് ട്രാൻസലേറ്റ് കോൾ ഫീച്ചർ ലഭ്യമാവുക. ഫോണിന്റെ കോളിങ് ഫംഗ്ഷനിൽ ഈ ഫീച്ചർ ലഭ്യമാക്കുന്ന ആദ്യ കമ്പനികളിലൊന്നാണ് സാംസങ്. ഫോൺസംസാരത്തിന്റെ സ്വകാര്യത നിലനിർത്താനായി തർജ്ജമ പൂർണ്ണമായും നടക്കുന്നത് ഫോണിൽ തന്നെയായിരിക്കുമെന്ന് സാംസങ് അറിയിച്ചു. തർജ്ജമക്കപ്പുറമുള്ള ഗ്യാലക്‌സി എ.ഐയുടെ ഫീച്ചറുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

അടുത്തവർഷം ആദ്യം ഗാലക്‌സി എ.ഐ ഫോണുകളിൽ ലഭ്യമാക്കുമെന്ന് സാംസങ് അറിയിച്ചു. 2024ൽ പുറത്തിറക്കുന്ന സാംസങ് ഗാലക്‌സി എസ്24 സ്മാർട്‌ഫോണുകളിൽ ഗാലക്‌സി എ.ഐ ഉൾപ്പെടുത്തിയേക്കും. ഈ ആഴ്ച നടന്ന ഒരു പരിപാടിയിൽ, സാംസങ് തങ്ങൾ വികസിപ്പിച്ച ഗോസ് എന്ന എ.ഐ മോഡലും പരിചയപ്പെടുത്തിയിരുന്നു. ഇതും ഗാലക്‌സി എസ്24 ഫോണുകളിൽ അവതരിപ്പിച്ചേക്കും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News