പാമ്പ് ആപ്പിൾ തിന്നുന്ന ഗെയിം വീണ്ടും കളിക്കാം; നോക്കിയ 110 4ജി മോഡൽ പുറത്തിറങ്ങി
32 ജിബി വരെയുള്ള എസ്ഡി കാർഡ് പിന്തുണക്കുന്ന ഈ ഇരട്ട സിം മോഡലിൽ ഓട്ടോ കോൾ റെക്കോർഡിങ് ഫീച്ചറുമുണ്ട്.
ഒരുകാലത്ത് ലോക മൊബൈൽ വിപണി അടക്കിവാണിരുന്ന ബ്രാൻഡാണ് നോക്കിയ. സാങ്കേതികവിദ്യ മാറുന്നതിനുസരിച്ച് അവർ മാറാൻ മടി കാണിച്ചതോടെ മൊബൈൽ വിപണിയിൽ അവർ തകർന്നടിഞ്ഞത് മറ്റൊരു ചരിത്രം. തകർന്നുപോയ കമ്പനിയെ പിന്നീട് എച്ച്എംഡി ഗ്ലോബൽ ഏറ്റെടുത്തു. അതിന് ശേഷം ആൻഡ്രോയിഡ് ഫോണുകളും ഫീച്ചർ ഫോണുകളും നോക്കിയ എന്ന പേരിൽ അവർ പുറത്തിറക്കി.
ആ നിരയിൽ പുതിയ ഫീച്ചർ ഫോൺ പുറത്തിറക്കിയിരക്കുകയാണ് അവർ. നോക്കിയ 110 (2022) എന്ന് പേരിട്ടിരിക്കുന്ന ഫോൺ പേര് സൂചിപ്പിക്കും പോലെ പഴയ നോക്കിയ 110 മോഡലിന്റെ 2022 വർഷത്തെ പുതിയ മോഡലാണ്.
4ജി സാങ്കേതികവിദ്യ ഫോൺ പിന്തുണക്കുന്നുണ്ട്. നൊസ്റ്റാൾജിയ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി പ്രശസ്തമായ സ്‌നേക്ക് ഗെയിം അവർ ഈ മോഡലിൽ തിരികെ കൊണ്ടുവന്നിട്ടുണ്ട്. 1,000 എംഎഎച്ചാണ് ബാറ്ററി കരുത്ത്. കുറഞ്ഞ ഊർജ ഉപയോഗമുള്ള ഫീച്ചർ ഫോണിന് ഇത് ദീർഘനേരം ബാറ്ററി ലൈഫ് നൽകും. സിംഗിൾ ലെൻസ് റിയർ ക്യാമറയും ടോർച്ചും ഫോണിലുണ്ട്. മ്യൂസിക്ക് പ്ലെയറും ഇൻബിൽറ്റായി ലഭിക്കും.
32 ജിബി വരെയുള്ള എസ്ഡി കാർഡ് പിന്തുണക്കുന്ന ഈ ഇരട്ട സിം മോഡലിൽ ഓട്ടോ കോൾ റെക്കോർഡിങ് ഫീച്ചറുമുണ്ട്.
1,699 രൂപയിലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. റോസ് ഗോൾഡ് കളർ വേരിയന്റിന് 100 രൂപ അധികം നൽകണം. 299 രൂപ കൂടി നൽകിയാൽ നോക്കിയയുടെ ഒറിജിനൽ ഇയർഫോൺ കൂടി ഫോണിനൊപ്പം ലഭിക്കും.