ഇനി യോജിച്ച പങ്കാളികളെ എക്‌സിലൂടെ കണ്ടെത്താം; ഡേറ്റിംഗ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മസ്‌ക്
എക്സിനെ ഒരു ജോബ് സെർച്ച് പ്ലാറ്റഫോമാക്കി മാറ്റാനും മസ്ക് ലക്ഷ്യമിടുന്നുണ്ട്
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെ എല്ലാം ലഭിക്കുന്ന ഒരിടമാക്കാനാണ് ഇലോൺ മസ്‌ക് പദ്ധതിയിടുന്നതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ എക്‌സിനെ ഒരു ഡേറ്റിംഗ്, ജോബ് സെർച്ച് പ്ലാറ്റ്‌ഫോമാക്കി മാറ്റാനൊരുങ്ങുകയാണ് മസ്‌ക്. കൂടാതെ വീഡിയോ കോളിങ്, വോയിസ് കോളിങ്, പേയ്‌മെന്റ് തുടങ്ങിയ ഫീച്ചറുകളും അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ദൈർഘ്യമേറിയ പോസ്റ്റുകളും വീഡിയോകളും പങ്കുവെക്കാനുള്ള സൗകര്യം എക്‌സ് നേരത്തെ അവതരിപ്പിച്ചിരുന്നു.
ഡേറ്റിംഗ് ഫീച്ചർ അവതരിപ്പിക്കുന്നതിലൂടെ സൗഹൃദവും പ്രണയവും താൽപര്യപ്പെടുന്നവർക്ക് പരസ്പരം കണ്ടുമുട്ടുന്നതിനും പരിചയപ്പെടുന്നതിനുമുള്ള സംവിധാനമാകുമെന്നാണ് കമ്പനി കരുതുന്നത്. കഴിഞ്ഞാഴ്ച നടന്ന കമ്പനിയുടെ ഇന്റേണൽ മീറ്റിങ്ങിൽ മസ്‌ക് ഇക്കാര്യം അവതരിപ്പിച്ചെന്നാണ് റിപ്പോർട്ട്. കൂടാതെ ലിങ്ക്ഡ് ഇൻ, യൂട്യൂബ്, ഫേസ് ടൈം, ഡേറ്റിംഗ് ആപ്പുകൾ എന്നിവയോട് എങ്ങനെ മത്സരിക്കാമെന്നും മസക് യോഗത്തിൽ വിശദീകരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡേറ്റിങ്ങിനുള്ള സാഹചര്യം മെച്ചപ്പെടുത്തേണ്ടതുണെന്നാണ് താൻ കരുതുന്നതെന്നും താൽപര്യമുണർത്തുന്ന ആളുകളെ കണ്ടെത്തുക പ്രയാസമാണെന്നും മസ്‌ക് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. പിന്നീട് എക്‌സ് എന്ന് പേര് മാറ്റുകയും വിവിധ മാറ്റങ്ങൾ പ്ലാറ്റ്‌ഫോമിൽ വരുത്തുകയും ചെയതു.