ഇനി ആധാർ ഉപയോഗിച്ചും പെയ്‌മെന്റ് നടത്താം; പുതിയ ഫീച്ചറുമായി ഗൂഗിൾ പേ
ഡെബിറ്റ് കാർഡ് വിവരങ്ങൾ പങ്കുവെക്കേണ്ടതില്ലെന്നതാണ് പുതിയ സേവനത്തിന്റെ പ്രത്യേകത.
ഇനി മുതൽ മൊബൈൽ പെയ്‌മെന്റ് ആപ്പായ ഗൂഗിൾ പേയിൽ ആധാർ ഉപയോഗിച്ച് യു.പി.ഐ പെയ്‌മെന്റ് നടത്താം. ഉപഭോക്താക്കൾക്ക് ആധാർ നമ്പർ ഉപയോഗിച്ച് യു.പി.ഐയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ ഗൂഗിൾ പേ ഉപഭോക്താക്കൾക്ക് ആധാർ നമ്പർ ഉപയോഗിച്ച് യു.പി.ഐ സേവനങ്ങളിലേക്ക് ലോഗ് ഇൻ ചെയ്യാം. ഇത്തരത്തിൽ ചെയ്യുമ്പോൾ ഡെബിറ്റ് കാർഡ് വിവരങ്ങൾ പങ്കുവെക്കേണ്ടതില്ലെന്നതാണ് പ്രത്യേകത.
നിലവിൽ ചില ബാങ്കുകൾ മാത്രമാണ് ഈ സേവനം നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ പുതിയ സേവനം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം, ഇതിനോടൊപ്പം ബാങ്കിലും ആധാർ സൈറ്റിലും രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഒന്നായിരിക്കുകയും വേണം.
പുതിയ സേവനം ലഭിക്കുന്നതിനായി ആദ്യം ഗൂഗിൾ പേ ഓപ്പൺ ചെയ്ത് യു.പി.ഐ ഓൺബോർഡിങ് ഓപ്ഷനിൽ, ആധാർ അടിസ്ഥാനമാക്കിയുള്ള യു.പി.ഐ ഓൺബോർഡിംഗ് തെരഞ്ഞെടുക്കുക. ശേഷം ആധാർ നമ്പറിന്റെ ആദ്യ ആറ് അക്കങ്ങൾ നൽകണം. തുടർന്ന് യു.ഐ.ഡി.എ.ഐയിൽ നിന്ന് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ബാങ്കിന്റെ കൂടി സഹായത്തോടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഇതിന് ശേഷം യു.പി.ഐ പിൻ സെറ്റ് ചെയ്യാനും സാധിക്കും.
യുപിഐ ആക്ടിവേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് ഗൂഗിൾ പേ ആപ്പ് വഴി ഇടപാടുകൾ നടത്താനും ബാലൻസ് പരിശോധിക്കാനും കഴിയും. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) കണക്കുകൾ പ്രകാരം രാജ്യത്ത് 99.9% പേർക്കും ആധാർ നമ്പർ ഉണ്ട്, മാസത്തിൽ ഒരിക്കലെങ്കിലും അത് ഉപയോഗിക്കുന്നുമുണ്ട്. ഭൂരിഭാഗം പേർക്കും ആധാർ കാർഡുള്ളതിനാൽ, കൂടുതൽ ഉപേഭോക്താക്കൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുമെന്നും ഡിജിറ്റൽ പെയ്മെന്റുകൾ വർധിക്കുമെന്നുമാണ് പ്രതീക്ഷ.