ഇനി വീഡിയോകളിൽ നിന്നും എച്ച്.ഡി ചിത്രങ്ങൾ പകർത്താം; പുതിയ ഫീച്ചറുമായി ഗൂഗിൾ
നിലവിൽ യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ്, വീഡിയോസ് എന്നിവയിലാണ് ഈ സേവനം ലഭ്യമാവുക
ഗൂഗിൾ ക്രോം ബ്രൗസറിൽ യൂട്യൂബ് പോലെയുള്ള വെബ്‌സൈറ്റുകളിലെ വീഡിയോകളിൽ നിന്നും എച്ച്.ഡി മികവുള്ള ദൃശ്യങ്ങൾ പകർത്താവുന്ന പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിൾ. വീഡിയോകളുടെ സഹായത്തോടെ പഠിക്കുന്ന വിദ്യാർഥികളെ വീഡിയോയിൽ നിന്നും എളുപ്പത്തിൽ സ്‌ക്രീൻഷോട്ട് എടുക്കാൻ സഹായിക്കുക എന്നതാണ് ഇതിലൂടെ ഗൂഗിൾ പ്രധാനമായും ലക്ഷ്യമിടുന്നത് .
നേരത്തെ കീബോർഡിലെ പ്രിന്റ് സ്‌ക്രീൻ ബട്ടനോ വിൻഡോസിലെ സ്‌നിപ്പ് അൻഡ് സ്‌കെച്ച് ടൂളോ അല്ലെങ്കിൽ ഓപ്പെര പോലെയുള്ള ബ്രൗസറുകളിലെ സ്‌നാപ്പ്‌ഷോട്ട് ഓപ്ഷനുകളോ ഉപയോഗിച്ചാണ് സ്‌ക്രീൻഷോട്ട് എടുത്തിരുന്നത്. പുതിയ ഫീച്ചർ ക്രോം ബ്രൗസറിൽ ഇൻബിൽറ്റായി ലഭിക്കുന്നതാണ്. ഇതുകൂടാതെ ക്രോമിയം അടിസ്ഥാനമാക്കിയുള്ള മറ്റ് ബ്രൗസറുകളിലും ഈ സേവനം ലഭ്യമാകും. നിലവിൽ യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ്, വീഡിയോസ് എന്നിവയിലാണ് ഈ സേവനം ലഭ്യമാവുക.
ഈ ഫീച്ചർ ഉപയോഗിക്കാൻ ചിത്രം പകർത്തേണ്ട വീഡിയോയിലെ ആവശ്യമായ ഭാഗത്ത് വച്ച് വീഡിയോ പോസ് ചെയ്യുക. ഇതിന് ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് 'Copy Video Frame' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതോടെ ആ ഭാഗം കോപ്പി ചെയ്യപ്പെടും ഇത് ഫോട്ടോഷോപ്പ് പോലുള്ള ഫോട്ടോ എഡിറ്റിംഗ് ആപ്പിൽ പേസ്റ്റ് ചെയ്ത് ആവശ്യമായ എഡിറ്റിംഗ് വരുത്തി സേവ് ചെയ്യാവുന്നതാണ്. ചിത്രം പകർത്താൻ എടുത്ത വീഡിയോയുടെ അതേ റെസല്യൂഷനിലാണ് സ്‌ക്രീൻ ഷോട്ട് ലഭിക്കുക എന്നത് ഇതിന്റെ വലിയൊരു പ്രത്യേകതയാണ്.