ഇനി മാക്കിലും ഐഫോണിലും വിൻഡോസ് ഉപയോഗിക്കാം..; വിൻഡോസ് ആപ്പുമായി മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ 'ഇഗ്നൈറ്റ് 2023' ലാണ് കമ്പനി 'വിൻഡോസ് ആപ്പ്' പ്രഖ്യാപിച്ചത്
ആപ്പിൾ കമ്പ്യുട്ടറുകളിലടക്കം വിൻഡോസ് ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ വിൻഡോസ് ആപ്പുമായി മൈക്രോസോഫ്റ്റ്. ഇതിലൂടെ ഐഫോണിലും ഐപാഡിലും മാക്ക് ഓ.എസിലും വിവിധ ബ്രൗസറുകളിലുമെല്ലാം വിൻഡോസ് ഉപയോഗിക്കാൻ സാധിക്കും. മൈക്രോസോഫ്റ്റിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ 'ഇഗ്നൈറ്റ് 2023' ലാണ് കമ്പനി വിൻഡോസ് ആപ്പ് പ്രഖ്യാപിച്ചത്. നിലവിൽ പ്രിവ്യു ഘട്ടത്തിലാണ് ആപ്പ്.
വിൻഡോസ് 365, അഷ്വർ വിരച്വൽ ഡെസ്‌ക്‌ടോപ്പ്, മൈക്രോസോഫ്റ്റ് ഡെവ് ബോക്‌സ്, പേഴസണൽ റിമോട്ട് ഡെസ്‌ക്‌ടോപ്പ് പിസി എന്നിവയെല്ലാം ഏത് ഡിവൈസിലും ഈ ആപ്പ് വഴി ഉപയോഗിക്കാനാകും. റിമോട്ട് ഡെസ്‌ക്‌ടോപ്പ്, ആർഡിപി കണക്ഷൻ എന്നിവക്കൊപ്പം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പി.സി സേവനങ്ങൾ ഏകീകരിക്കുന്ന ഒരു കസ്റ്റമൈഡ് ഹോം സ്‌ക്രീനായാണ് ആപ്പ് പ്രവർത്തിക്കുക.
ഡെസ്‌ക്‌ടോപ്പുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ സ്മാർട്ട് ഫോണുകൾ എന്നിവയിൽ ആപ്പ് ലഭ്യമാകും. കൂടാതെ വെബ് ബ്രൗസറുകൾ വഴി ഡൗൺലോഡ് ചെയ്യാതെ ഉപയോഗിക്കാനും സാധിക്കും തുടകത്തിൽ ഐ.ഓ.എസ്, ഐപാഡ് ഓ.എസ്, വിൻഡോസ്, വെബ് എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് ആപ്പ് ലഭ്യമാവുക. വൈകാതെ ആൻഡ്രോയിഡിലും ആപ്പ് എത്തുമെന്നാണ് സൂചന.
നിലവിൽ മൈക്രോസോഫ്റ്റിന്റെ ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രമാണ് വിൻഡോസ് ആപ്പിന്റെ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുക എന്നാൽ വൈകാതെ തന്നെ മറ്റ് ഉപയോക്താക്കൾക്കും ആപ്പ് ലഭ്യമായേക്കും. ക്ലൗഡ് അധിഷ്ടിത സേവനങ്ങളിൽ ശ്രദ്ധചെലുത്താനുള്ള മൈക്രോസോഫ്റ്റിന്റെ പദ്ധതികളുടെ ഭാഗമായാണ് കമ്പനി വിൻഡോസ് ആപ്പ് അവതരിപ്പിച്ചത്. ഭാവിയിൽ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ തടസങ്ങളില്ലാതെ ക്ലൗസ് പിസികളും വിൻഡോസ് ആപ്പുകളും ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.