7 മണിക്ക് സൈറൺ മുഴങ്ങും; പിന്നെ ഈ ഗ്രാമത്തിൽ ഒന്നരമണിക്കൂർ ഫോണുകൾ നിശ്ചലം...!
പലരും രാവിലെ ഉറക്കമുണരുന്നതും ഉറങ്ങുന്നത് പോലും ഫോണിന്റെ സ്‌ക്രീനിലേക്ക് നോക്കിയാണ്
ന്യൂഡൽഹി: ഇന്ന് മനുഷ്യന് ഒഴിവാക്കാൻ വയ്യാത്ത ഒന്നായി മൊബൈൽ ഫോണുകൾ മാറിയിരിക്കുന്നു. ആളുകളുമായി സംവദിക്കാൻ,ഇടപെടാൻ, സന്ദേശങ്ങൾ കൈമാറാൻ, ഓൺലൈനുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ എന്തിനേറെ ഇപ്പോൾ ചെറിയ ചെറിയ പണമിടപാടുപോലും നടക്കുന്നത് പോലും സ്മാർട്ട് ഫോണുകളിലൂടെയാണ്. രാവിലെ ഉറക്കമുണരുന്നതും ഉറങ്ങുന്നത് പോലും ഫോണിന്റെ സ്‌ക്രീനിലേക്ക് നോക്കിയാണ്. പക്ഷേ ഇതിന്റെ ദോഷങ്ങൾ ഒരുപാടുണ്ട്.
മൊബൈൽ ഫോണിലെ നീലവെളിച്ചം അമിതമായി ഏൽക്കുന്നത് മൂലം ഉറക്കമില്ലായ്മയടക്കം റേഡിയേഷൻ മൂലം നിരവധി അസുഖങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഫോണിന്റെ ഉപയോഗം കുറയ്ക്കാനുള്ള മാർഗമായാണ് ഡിജിറ്റൽ ഡിറ്റോക്‌സ് എന്നു പറയുന്നത്. ഏതാനും മണിക്കൂറുകൾ ഫോൺ മാറ്റിവെച്ച് മറ്റ് പണികളിൽ മുഴുകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇത്തരത്തിൽ ഡിജിറ്റൽ ഡിറ്റോക്‌സ് നടപ്പിലാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. സാംഗ്ലി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ദിവസവും ഒന്നരമണിക്കൂർ മൊബൈൽ ഫോണുകൾ ഉപയോഗിക്കാതെ മാറ്റിവെക്കുന്നത്. വൈകുന്നേരം 7 മണിക്ക് ഇതിനായി ഒരു സൈറൺ.ഇതിന് ശേഷം ഒന്നര മണിക്കൂർ ടിവി ഓഫ് ചെയ്യുകയും ഫോണുകൾ മാറ്റിവെക്കുകയും ചെയ്യുന്നു. മൊഹിത്യാഞ്ചെ വഡ്ഗാവ് ഗ്രാമത്തിലെ സർപഞ്ചായ വിജയ് മൊഹിതേയാണ് ഈ ആശയം ആദ്യം നിവാസികൾക്ക് മുന്നിൽ കൊണ്ടുവന്നത്.
മൊബൈലിന്റെയും ടെലിവിഷന്റെയും സ്‌ക്രീനിൽ നിന്ന് കാഴ്ച തിരിക്കാൻ ഇടവേള എടുക്കുക എന്നതാണ് സൈറൺ കൊണ്ട് ഉദ്ദേശിക്കുന്നത്. വെറുതെ ഫോണിലിരുന്ന് ഇന്റർനെറ്റിൽ സമയം ചെലവിടുന്ന കുട്ടികളെ ഈ സമയത്ത് പഠനത്തിലേക്ക് തിരിച്ചുവിടാനും സാമൂഹ്യ ഇടപെടൽ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. മുതിർന്നവരിലാകട്ടെ വായന പോലുള്ള ഹോബികൾ തിരികെ കൊണ്ടുവരാനും ഈ നിർബന്ധിത പരിശീലനം ലക്ഷ്യമിടുന്നുണ്ട്.
കോവിഡിന് ശേഷം ക്ലാസുകൾ പുനരാരംഭിച്ചപ്പോൾ കുട്ടികൾക്ക് പതിവിലും മടിപിടിച്ചെന്നും വായിക്കാനും എഴുതാനും താൽപ്പര്യം കാണിക്കുന്നില്ലെന്നും അധ്യപകർക്ക് മനസിലായി.
അതിനേക്കാൾ സ്‌കൂൾ സമയത്തിന് മുമ്പും ശേഷവും മൊബൈൽ ഫോണുകളിൽ മുഴുകിയിരിക്കുകയാണെന്നും അധ്യാപകർ മനസിലാക്കി. ഇതോടെയാണ് ഡിജിറ്റൽ ഡിറ്റോക്‌സ് എന്ന ആശയം മുന്നോട്ട് വെച്ചതെന്ന് ഗ്രാമത്തലവൻ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. അത് ഫലം കണ്ടുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് ഡിജിറ്റൽ ഡിറ്റോക്‌സ്?
61 ശതമാനം ആളുകളും തങ്ങൾ ഇന്റർനെറ്റിനും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും അടിമകളാണെന്ന് വെബ്എംഡിയുടെ പഠനം പറയുന്നു. ദൈനംദിന സ്‌ക്രീൻ സമയം വർധിപ്പിക്കുന്നത് ആരോഗ്യത്തെയും ശാരീരികവും മാനസികവുമായ ക്ഷേമത്തെയും ബാധിക്കുന്നുണ്ടെന്നും പഠനറിപ്പോർട്ടുകൾ പറയുന്നു. സാഹചര്യം പരിഹരിക്കുന്നതിന് ഓൺലൈൻ സമയത്തിൽ നിന്ന് ഇടവേള എടുക്കുകയോ ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ പോലുള്ള സ്മാർട്ട് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് ഡിജിറ്റൽ ഡിറ്റോക്സ് കൊണ്ട് ഉദ്ദേശിക്കുന്നത്.
സ്മാർട്ട്ഫോണുകളിൽ നിന്ന് ചെറിയ ഇടവേളകൾ എടുത്താണ് ഇത് ആരംഭിക്കേണ്ടത്. എന്നാൽ എത്ര ചെറിയ ഇടവേളയാണെങ്കിൽ അത് കർശനമായി പാലിക്കണം. ഇങ്ങനെ ഇടവേളകളെടുക്കുമ്പോൾ നല്ല ഉറക്കം, മാനസിക ഉല്ലാസം, സാമൂഹിക ഇടപെടലുകൾ എന്നിവയടക്കം ഒരുപാട് ഗുണങ്ങളും ലഭിക്കും.