സാംസങ് ഓഫീസുകളിൽ ഡി.ആർ.ഐ റെയ്ഡ്
നെറ്റ്വർക്ക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുവെന്ന സംശയത്തെ തുടർന്നായിരുന്നു പരിശോധന
ടെക് ഭീമൻ സാംസങ് ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. നെറ്റ്വർക്ക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുവെന്ന സംശയത്തെ തുടർന്നാണ് ഡൽഹിയിലും മുംബൈയിലുമുള്ള ഓഫീസുകളിൽ തിരച്ചിൽ നടത്തിയതെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
സാംസങ് നൽകിയ ഇറക്കുമതിയുമായി ബന്ധപ്പെട്ട രേഖകൾ അധികൃതർ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്. കമ്പനി കസ്റ്റംസ് തീരുവയിൽ വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനായി അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചേക്കും. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ സാംസങ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
രാജ്യത്ത് റിലയൻസ് ജിയോ ഇൻഫോകോമിന് മാത്രമായി 4ജി ഉപകരണങ്ങൾ നൽകുന്ന കമ്പനിയാണ് സാംസങ്. വ്യാപ്തിയെടുത്താൽ രാജ്യത്തെ ഏറ്റവും വലിയ 4ജി ഉപകരണ ദാതാവ് കൂടിയാണ് കൊറിയൻ കമ്പനിയായ സാസങ്.