ഇനി സർവീസ് സെന്ററിൽ പോകണ്ട; സാംസങ് ഫോണുകൾ സ്വയം നന്നാക്കാം
ഈ സംവിധാനം വഴി മാറ്റിവെക്കപ്പെടുന്ന പാർട്‌സുകൾ സാംസങിന് തിരികെ നൽകി റീസൈക്കിൾ ചെയ്യാനും സാധിക്കും.
സ്മാർട്ട് ഫോൺ തകരാറായാൽ അത് നന്നാക്കുവാൻ സർവീസ് സെന്ററുകളിൽ പോയാൽ പലപ്പോഴും സമയ നഷ്ടവും ബുദ്ധിമുട്ടും ഉണ്ടാക്കാറുണ്ട്. ചിലപ്പോഴൊക്കെ അധിക ചെലവിനും അത് കാരണമാകാറുണ്ട്. എന്നാൽ ദക്ഷിണ കൊറിയൻ സ്മാർട്ട് ഫോൺ ബ്രാൻഡായ സാംസങ് ഇപ്പോൾ പുതിയൊരു നീക്കത്തിലേക്ക് കടക്കുകയാണ്.
നിങ്ങളുടെ സ്മാർട്ട് ഫോൺ തകരാറിലായാൽ നമ്മുക്ക് സ്വയം നന്നാക്കാനുള്ള ഓപ്ഷനാണ് സാംസങ് മുന്നോട്ടുവെക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി ഒറിജിനൽ പാർട്‌സുകളും ഓൺലൈൻ ഓൺലൈൻ ഗൈഡുകളും സാംസങിൽ നിന്ന് വാങ്ങാൻ സാധിക്കും. ആദ്യഘട്ടത്തിൽ അമേരിക്കയിലെ ചില മേഖലകളിലാണ് ഈ ഒരു സംവിധാനത്തിന് തുടക്കമിടുന്നത്. നിലവിൽ അമേരിക്കയിലെ മിക്ക മേഖലകളിലും സാംസങിന് ഒരു മണിക്കൂറിനുള്ളിൽ സ്മാർട്ട് ഫോൺ റിപ്പയർ ചെയ്യാൻ കഴിവുള്ള സർവീസ് നെറ്റ് വർക്കുണ്ട്.
ആദ്യഘട്ടത്തിൽ പ്രീമിയം മോഡലുകളായ ഗ്യാലക്‌സി എസ് 20 ( Galaxy S 20), ഗ്യാലക്‌സി എസ് 21 (Galaxy S21), ഗ്യാലക്‌സി ടാബ് എസ് 7 പ്ലസ് ( Galaxy Tab S 7 Plus) എന്നീ മോഡലുകൾക്കാണ് ഈ സംവിധാനം നൽകുക. ഉപഭോക്താക്കൾക്ക് ഒറിജിനൽ പാർട്‌സുകൾ, റിപ്പയർ ടൂളുകൾ, റിപ്പയറിങ് സ്റ്റെപ്പുകളുള്ള വിഷ്വൽ ഗൈഡുകളും സാംസങ് ഐഫിക്‌സ് ഇറ്റുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ഈ സംവിധാനം വഴി മാറ്റിവെക്കപ്പെടുന്ന പാർട്‌സുകൾ സാംസങിന് തിരികെ നൽകി റീസൈക്കിൾ ചെയ്യാനും സാധിക്കും. ഈ വേനൽക്കാലത്ത് ഈ സംവിധാനം ആരംഭിക്കുമെന്നാണ് സാംസങ് ബ്ലോഗ് പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്. പരീക്ഷണം വിജയിച്ചാൽ കൂടുതൽ മോഡലുകളിലേക്ക് സംവിധാനം വ്യാപിപ്പിക്കുമെന്ന് സാംസങ് അറിയിച്ചിട്ടുണ്ട്.
Summary: Samsung Self-Repair Programme Launched to Let Customers Fix Galaxy Devices on Their Own