ഷെയര്‍ചാറ്റിലും കൂട്ടപ്പിരിച്ചുവിടല്‍; 20 ശതമാനം ജീവനക്കാരെ ഒഴിവാക്കുന്നു

വേദനാജനകമായ തീരുമാനമെന്ന് കമ്പനി

Update: 2023-01-16 06:42 GMT

ഷെയര്‍ചാറ്റ്

Advertising

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. 20 ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുക. അഞ്ഞൂറോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും.

"ഒരു കമ്പനി എന്ന നിലയിൽ ഞങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ളതും വേദനാജനകവുമായ ചില തീരുമാനങ്ങൾ ഞങ്ങൾക്ക് എടുക്കേണ്ടി വന്നു. ഈ സ്റ്റാർട്ടപ്പ് യാത്രയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന അവിശ്വസനീയമാംവിധം കഴിവുള്ള ഞങ്ങളുടെ 20% ജീവനക്കാരെ വെട്ടിക്കുറയ്ക്കേണ്ടിവന്നു"- എന്നാണ് കമ്പനി വക്താവ് പ്രതികരിച്ചത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനമെടുത്തത് വളരെ ആലോചനകൾക്ക് ശേഷമാണെന്നും കഴിഞ്ഞ ആറ് മാസമായി ചെലവുകൾ വെട്ടിക്കുറയ്ക്കുകയാണെന്നും കമ്പനി അറിയിച്ചു.

പരസ്യ വരുമാനവും ലൈവ് സ്ട്രീമിങ് വരുമാനവും ഇരട്ടിയാക്കുക എന്നതാണ് ലക്ഷ്യം. അനിശ്ചിത സാമ്പത്തിക സാഹചര്യങ്ങൾ മറികടക്കുക, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കൂടുതൽ ശക്തമാവുക എന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നതെന്നും കമ്പനി അറിയിച്ചു.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ഷെയർചാറ്റ്. അതിന്റെ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനാണ് മോജ്. ഇവിടെയുള്ള ഏകദേശം 500 പേര്‍ക്കാണ് ജോലി നഷ്ടമാവുക. 2,200ലധികം ജീവനക്കാരാണ് നിലവില്‍ കമ്പനിയിലുള്ളത്. പിരിച്ചുവിടൽ പാക്കേജിൽ നോട്ടീസ് കാലയളവിലെ ശമ്പളം, 2022 ഡിസംബർ വരെയുള്ള വേരിയബിൾ പേ, 2023 ജൂൺ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എന്നിവ ഉള്‍പ്പെടുന്നു. കമ്പനി അനുവദിച്ച ലാപ്ടോപ്പുകള്‍ ജീവനക്കാര്‍ക്ക് കൈവശം വയ്ക്കാം. 45 ദിവസം വരെയുള്ള ലീവ് ബാലൻസ് എൻക്യാഷ് ചെയ്യുമെന്നും കമ്പനി അറിയിച്ചു.

ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ക്കിടെ നിരവധി ടെക് ഭീമന്മാര്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തി. ട്വിറ്റര്‍, ഫേസ് ബുക്ക്, ആമസോണ്‍ തുടങ്ങിയ കമ്പനികളാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. പിന്നാലെയാണ് ഷെയര്‍ചാറ്റും ജീവനക്കാരെ പിരിച്ചുവിടുന്നത്.  

Summary- Owned by Bangalore based Mohalla Tech Pvt Ltd, ShareChat and its short video app Moj lays off around 500 people

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News