സ്‌പോട്ടിഫൈയിലും കൂട്ടപ്പിരിച്ചുവിടൽ: ചെലവ് കുറയ്ക്കാൻ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കമ്പനി

ജീവനക്കാർക്ക് പുതിയ ജോലി കണ്ടെത്താനുള്ള എല്ലാ വിധ സഹായവും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സിഇഒ അറിയിച്ചു

Update: 2023-12-04 14:21 GMT
Editor : banuisahak | By : Web Desk
Advertising

ജനപ്രിയ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയിൽ ജീവനക്കാരെ കുറയ്ക്കുന്നു. ഏകദേശം 17 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് പ്രഖ്യാപനം. കമ്പനിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ചെലവുകൾ കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പടുത്താനുമാണ് നടപടി. 

സ്‌പോട്ടിഫൈ സിഇഒ ഡാനിയൽ എക് ആണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ വിവരം അറിയിച്ചത്. കമ്പനി നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ലോക സമ്പദ്‌വ്യവസ്ഥ അത്ര മികച്ചതല്ല. ബിസിനസ് വളർത്താൻ പണം കണ്ടെത്തുന്നതടക്കമുള്ള ചെലവുകൾ കൂടിവരികയാണ്. ഈ ഒരു സാഹചര്യത്തിലാണ് ചെലവുകൾ നിയന്ത്രിക്കുന്നതിനെ കുറിച്ചും കമ്പനിയിൽ എത്രയാളുകൾ ജോലി ചെയ്യണമെന്നതിനെ കുറിച്ചും സ്‌പോട്ടിഫൈ ആലോചിച്ചതെന്ന് ഡാനിയൽ എക് വിശദീകരിച്ചു. 

"കമ്പനിക്ക് കാര്യമായ മാറ്റമുണ്ടാക്കുന്ന ഒരു തീരുമാനത്തിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്. ഭാവി ലക്ഷ്യങ്ങളിലേക്ക് സ്‌പോട്ടിഫൈയെ എത്തിക്കുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനുമായി കമ്പനിയിലുടനീളം ഞങ്ങളുടെ മൊത്തം ജീവനക്കാരുടെ എണ്ണം ഏകദേശം 17 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചു. വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും കമ്പനിയുടെ നിലനിൽപ്പിന് ഇത് അനിവാര്യമാണ്. കമ്പനിക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ നിരവധി വ്യക്തികളെ ഇത് ബാധിക്കുമെന്ന് ഞാൻ തിരിച്ചറിയുന്നു. മിടുക്കരും കഴിവുള്ളവരും കഠിനാധ്വാനികളുമായ നിരവധി ആളുകൾ നമ്മെ വിട്ടുപോകും": ഡാനിയൽ എക് പറഞ്ഞു. 

ഭാവിയിൽ കമ്പനിയെ എങ്ങനെ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാം എന്നതിനെക്കുറിച്ച് നന്നായി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിരിഞ്ഞുപോകുന്നവരെ സഹായിക്കാനുള്ള പദ്ധതികളും കമ്പനി തയ്യാറാക്കിയിട്ടുണ്ട്. . എത്രകാലം ജോലി ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു നിശ്ചിത തുക ജീവനക്കാർക്ക് ലഭിക്കും. ഇതുവരെ എടുക്കാത്ത എല്ലാ അവധികൾക്കും പ്രത്യേകം വേതനവും നൽകും. കുറച്ച് കാലത്തേക്ക് ഹെൽത്ത് ഇൻഷുറൻസും തുടരുന്നതാണ്. ജോലിയുമായി ബന്ധപ്പെട്ട ഇമിഗ്രേഷൻ പ്രശ്നങ്ങളുള്ള ആളുകൾക്ക് വേണ്ട സഹായങ്ങൾ നൽകും. പുതിയ ജോലി കണ്ടെത്താനുള്ള എല്ലാ വിധ സഹായവും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സിഇഒ അറിയിച്ചു. 

2023 ജൂണിൽ, സ്‌പോട്ടിഫൈയുടെ പോഡ്‌കാസ്റ്റ് യൂണിറ്റിൽ നിന്ന് 200 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പോഡ്‌കാസ്റ്റ് ഡിവിഷന്റെ പുനഃക്രമീകരണത്തിന്റെ ഭാഗമായിരുന്നു പിരിച്ചുവിടലെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. മൊത്തം തൊഴിലാളികളുടെ രണ്ടുശതമാനം പേരെയാണ് അന്ന് പിരിച്ചുവിട്ടത്. പിന്നാലെയാണ് പുതിയ നടപടി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News