സ്റ്റാറ്റസുകൾക്ക് ഇനി 'അവതാറുകൾ' ഉപയോഗിച്ച് മറുപടി നൽകാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ബീറ്റാ ടെസ്റ്റേഴ്‌സിന് മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നത്
സ്റ്റാറ്റസുകൾക്ക് അവതാറുകൾ ഉപയോഗിച്ച് മറുപടി നൽകാൻ സാധിക്കുന്ന പുതിയ ഫീച്ചർ വാട്‌സ് ആപ്പ് അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച യൂസർ അനുഭവം നൽകാനും ചാറ്റുകൾ കൂടുതൽ രസകരമാക്കാനുമാണ് വാട്‌സ്ആപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ ഈ ഫീച്ചറിലൂടെ എട്ട് വ്യത്യസ്ത വിഭാഗം അവതാറുകളാണ് ഉപയോഗിക്കാനാവുക. ഏറ്റവും പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ബീറ്റാ ടെസ്റ്റേഴ്‌സിന് മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നത്. ചില ബീറ്റാ ടെസ്റ്റേഴ്‌സിന് ആനിമേറ്റഡ് അവതാറുകളും ലഭിക്കുന്നുണ്ട്.
കൂടാതെ 'പാസ്‌കീ' സംവിധാനം ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് വാട്സ്ആപ്പ് അറിയിച്ചു. പാസ്‌വേർഡുകളില്ലാതെ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ സഹായിക്കുന്നതാണ് പാസ്‌കീ സംവിധാനം. പാസ്‌വേർഡുകൾ ഓർത്തുവെക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസകരമായ ഒരു ഫീച്ചറാണ് പാസ്‌കീ. ഇതിലൂടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാനും ടു സ്‌റ്റെപ്പ് വെരിഫിക്കേഷനിൽ നിന്ന് രക്ഷ നേടാനും സാധിക്കും. എന്നാൽ ഐ.ഒ.എസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകുമോയെന്ന് വ്യക്തമല്ല.