ഇഷ്ടമല്ലെന്ന് പറഞ്ഞാലും പിന്നെയും... യൂട്യൂബിൽ ഡിസ്‌ലൈക്ക് ബട്ടൺ ഫലപ്രദമല്ലെന്ന് പഠനം
യൂട്യൂബിൽ ഡിസ്‌ലൈക്ക്, നോട്ട് ഇന്‍ട്രസ്റ്റഡ് ബട്ടണുകൾ ഫലപ്രദമല്ലെന്ന് പഠനം. ഉപഭോക്താക്കൾ താത്പര്യമില്ലെന്ന് വ്യക്തമാക്കിയാലും വീണ്ടും സമാനമായ ഉള്ളടക്കങ്ങൾ യൂട്യൂബ് കാണിക്കുന്നുണ്ടെന്നാണ് മോസില്ല നടത്തിയ പഠനത്തിലെ കണ്ടെത്തൽ.
20000 യൂട്യൂബ് ഉപഭോക്താക്കളുടെ യൂട്യൂബ് റെക്കമെന്റേഷന്‍ ഡാറ്റയാണ് മോസില്ല പഠനവിധേയമാക്കിയത്. യൂട്യൂബിലെ 'ഡിസ് ലൈക്ക്', 'സ്‌റ്റോപ്പ് റെക്കമെന്‍ഡിങ്' ചാനല്‍', 'റിമൂവ് ഫ്രം ഹിസ്റ്ററി' തുടങ്ങിയ ബട്ടണുകൾ ഉണ്ടായിട്ടും ഉപഭോക്താക്കൾക്ക് താല്പര്യമില്ലാത്ത ഉള്ളടക്കങ്ങൾ വീണ്ടും പ്രദർശിപ്പിക്കുന്നത് തടയാൻ യൂ ട്യൂബിനാകുന്നില്ലെന്ന് മോസില്ലയുടെ പഠനറിപ്പോർട്ടിൽ പറയുന്നു.
ഉപഭോക്താക്കളുടെ ഉപയോഗരീതി അനുസരിച്ചാണ് യൂ ട്യൂബിൽ വീഡിയോ കാണിക്കുന്നത്. ഒരു വീഡിയോ നാം കാണുകയും ഇഷ്ടപ്പെടുകയും ചെയ്‌താൽ അതിന് സമാനമായ വീഡിയോകളാകും പിന്നീട് നമുക്ക് വരിക. എന്നാൽ, ഒരു വീഡിയോ ഇഷ്ടമാകാതെ വന്നാൽ ഒരാള്‍ ഡിസ് ലൈക്ക് നല്‍കുകയും നോട്ട് ഇന്‍ട്രസ്റ്റഡ്, സ്‌റ്റോപ്പ് റെക്കമെന്‍ഡിങ് ചാനൽ തുടങ്ങിയ നിർദേശങ്ങൾ നൽകുകയും ചെയ്യും.
ഉപഭോക്താക്കൾ കൂടുതൽ സമയം ചെലവഴിക്കണമെങ്കിൽ അവരുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകണം. എന്നാൽ, യൂ ട്യൂബ് ഈ വിഷയം പരിഗണിക്കുന്നില്ലെന്ന് യൂട്യൂബ് വക്താവ് എലേന ഹെര്‍ണാണ്ടെസ് വിമർശിച്ചു. നോട്ട് ഇന്‍ട്രസ്റ്റഡ് ഒരു പ്രത്യേക വീഡിയോ മാത്രമാണ് നീക്കം ചെയ്യുക. ഡോണ്‍ട് റെക്കമെന്റ് ചാനല്‍ ഓപ്ഷന്‍ ആ ചാനലില്‍ നിന്നുള്ള വീഡിയോകള്‍ പിന്നീട് വരുന്നത് തടയുന്നു. ഈ ബട്ടണുകളൊന്നും തന്നെ സമാനമായ വീഡിയോകൾ പിന്നീട് വരുന്നത് തടയുന്നതിന് വേണ്ടിയുള്ളതല്ലെന്ന് എലേന പറയുന്നു.
യൂ ട്യൂബിന് പുറമേ ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലും ഇത്തരം ഫീഡ്ബാക്ക് ടൂളുകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് കമ്പനികൾ സുതാര്യത പുലർത്തുന്നില്ലെന്ന് മോസില്ലയുടെ പഠനം ചൂണ്ടിക്കാട്ടുന്നു.