ഐ ഫോൺ ഇനി ടാറ്റ നിർമിക്കും; തായ്‌വാൻ കമ്പനിയുമായി ചർച്ച അവസാനഘട്ടത്തിൽ
അടുത്ത ഐ ഫോണായ ഐ ഫോൺ 15 ഇന്ത്യയിലും ചൈനയിലുമായിരിക്കും നിർമിക്കുക എന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
ഡല്‍ഹി: ടാറ്റ എന്ന ഇന്ത്യൻ ബ്രാൻഡ് എപ്പോഴും വൈവിധ്യവത്കരണം നടത്തിക്കൊണ്ടിരിക്കുന്ന ബ്രാൻഡാണ്. അതുകൊണ്ടു തന്നെ ലോക വിപണിയിൽ തന്നെ ടാറ്റയുടെ വിവിധ ഉത്പന്നങ്ങൾക്ക് മികച്ച മാർക്കറ്റുണ്ട്. ഇപ്പോൾ പുതിയൊരു മേഖലയിലേക്ക് കൂടി ടാറ്റ ഗ്രൂപ്പ് കടന്നുവരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. മൊബൈൽ പാർട്‌സുകളുടെ അസംബ്ലിങ് ആരംഭിക്കാനാണ് ടാറ്റയുടെ നീക്കം. അതും സാക്ഷാൽ ഐ ഫോണിന്റെ അസംബ്ലിങ് യൂണിറ്റ് ഇന്ത്യയിൽ ആരംഭിക്കാനാണ് ടാറ്റയുടെ പദ്ധതി.തായ്‌വാൻ കമ്പനിയായ വിസ്‌ട്രോണുമായി ചേർന്നാണ് കമ്പനി ആരംഭിക്കുക എന്ന് ബ്ലൂ ബർഗ് റിപ്പോർട്ട് ചെയ്തു.
ഇരു കമ്പനികളും തമ്മിൽ കരാറിലെത്തിയാൽ ഐ ഫോൺ ഉത്പാദിക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി ടാറ്റ മാറും. ചൈനയും തായ്‌വാനുമാണ് ഐഫോൺ നിർമാണത്തിലും അസംബ്ലിങിലും ഒന്നാമത്.
അടുത്ത ഐ ഫോണായ ഐ ഫോൺ 15 ഇന്ത്യയിലും ചൈനയിലുമായിരിക്കും നിർമിക്കുക എന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
അതേസമയം അത്ഭുതങ്ങൾ ഒളിപ്പിച്ച് ഐഫോണിന്റെ നാല് പുതിയ മോഡലുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചുകഴിഞ്ഞു. ഫാർഔട്ട് എന്ന് വിശേഷിപ്പിച്ച ചടങ്ങ് നിരവധി പേരാണ് കണ്ടത്. ഐഫോൺ14(iPhone 14)ഐഫോൺ 14 പ്ലസ്(iPhone 14 Plus) ഐഫോൺ 14 പ്രോ(iPhone 14 Pro) ഐഫോൺ 14 പ്രൊമാക്സ്(iPhone 14 Pro Max) എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്.
നാല് മോഡലുകളും വ്യത്യസ്തമാണ്. വലുപ്പം കൊണ്ടും അതിലടങ്ങിയ ഫീച്ചറുകൾ കൊണ്ടുമെല്ലാം ഓരോ മോഡലും പ്രത്യേകത നിറഞ്ഞതാണ്. പുതിയ മോഡലുകളിൽ ആവശ്യക്കാർ ഏറ്റവും കൂടുതൽ ഏതിനായിരിക്കും? ഐഫോൺ 14 പ്രോക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്നാണ് പുതിയ റിപ്പോർട്ട്. പ്രീഓർഡർ ലഭിച്ചവയിൽ ഏകദേശം 85 ശതമാനവും ഐഫോൺ 14 പ്രോയ്ക്കാണെന്നാണ് പ്രമുഖ ആപ്പിൾ ടിപ്സ്റ്റർ മിങ്- ചി ക്വോ വ്യക്തമാക്കുന്നത്. വിൽപ്പനയിൽ വൻ തരംഗം സൃഷ്ടിക്കുമെന്ന് കരുതിയിരുന്ന ഐഫോൺ 14 പ്ലസിന് അഞ്ച് ശതമാനം ബുക്കിങെ ലഭിച്ചുള്ളൂ.
അതേസമയം മറ്റു മോഡലുകളുടെ ഡേറ്റ ലഭ്യമായിട്ടില്ല. പൊതുവെ ഐഫോൺ ഫാൻസുകാരും വേഗത്തിൽ പുതിയ ടെക്നോളജി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ് മോഡൽ ഇറങ്ങിയ ഉടൻ തന്നെ ബുക്കിങിനായി വരിനിൽക്കാറ്. പുറത്തിറങ്ങിയവയിൽ ടെക്നോളജിയിലും മറ്റും കാര്യമായ പുരോഗതി കൈവരിച്ച മോഡലുകളാണ് 14 പ്രോയും മാക്സും. ഐഫോൺ 13യിൽ നിന്ന് ചെറിയ മാറ്റങ്ങളെ ഐഫോൺ 14നും 14 പ്ലസിനും സംഭവിച്ചിട്ടുള്ളൂ. അതാണ് ഐഫോൺ 14 പ്രോക്ക് ആവശ്യക്കാർ കൂടാൻ കാരണം. എ16 ബയോണിക് ചിപ്പ് അടക്കമുള്ള സൗകര്യങ്ങൾ പ്രോ, മാക്സ് മോഡലുകളിലാണ് ഉള്ളത്. ബാറ്ററി ലൈഫിലുൾപ്പെടെ പ്രകടമായ മാറ്റങ്ങൾ ഈ ചിപ്സെറ്റ് ഉപയോഗിച്ചുള്ള മോഡലുകളിൽ ഉണ്ടാകും.
ഡൈനാമിക് ആയുള്ള നോച്ചും ഈ മോഡലുകളുടെ ജനപ്രീതി വർധിപ്പിക്കുന്നു. 48 മെഗാപിക്സലിന്റെ ക്യാമറ സെൻസറൊക്കെ പ്രോ മോഡലുകളിലാണ് വരുന്നത്. അതേസമയം നാല് മോഡലുകളും ഉടൻ തന്നെ വിൽപനക്ക് എത്തും. മറ്റു മോഡലുകളെ അപേക്ഷിച്ച് പ്രോ മോഡലുകളുടെ വിലയിൽ കാര്യമായ മാറ്റമുണ്ട്. ആപ്പിൾ സ്റ്റോറുകൾ വഴിയും മറ്റു ഓൺലൈൻ സൈറ്റുകളിലൂടെയുമൊക്കെയാണ് ആദ്യഘട്ടത്തിൽ വിൽപ്പന ആരംഭിക്കുക.