ഇന്ത്യൻ ഐ ഫോണുകൾ ഇനി ടാറ്റ നിർമിക്കും; രാജ്യത്തെ ആദ്യ ഐ ഫോൺ നിർമാതാവാകാൻ കമ്പനി
വിസ്‌ട്രോൺ ഇൻഫോകോം മാനുഫാക്‌ചറിംഗ് കമ്പനിയുടെ ഇന്ത്യൻ യൂണിറ്റ് ടാറ്റ ഏറ്റെടുക്കും
ഇന്ത്യയിൽ ആപ്പിൾ പ്രൊഡക്‌ടുകൾക്കുള്ള ജനപ്രീതി വളരെ വലുതാണ്. ഐ ഫോണുകൾക്കും എയർപോഡുകൾക്കും ആവശ്യക്കാരേറെയാണ്. ഇപ്പോഴിതാ, ഇന്ത്യയിലെ ആദ്യത്തെ ഐ ഫോൺ നിർമാതാക്കളാകാൻ ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. ആപ്പിളിന്റെ ഒരു പ്രധാന വിതരണക്കാരായ വിസ്‌ട്രോൺ ഇൻഫോകോം മാനുഫാക്‌ചറിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഓഹരികൾ സ്വന്തമാക്കിയതിലൂടെയാണ് ടാറ്റയുടെ പുതിയ ചുവടുവെപ്പ്.
വിസ്‌ട്രോൺ ഇൻഫോകോം മാനുഫാക്‌ചറിംഗ് കമ്പനിയുടെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകി. കരാർ അടിസ്ഥാനത്തിൽ ഉത്പന്നങ്ങൾ നിർമിക്കുന്ന തായ്‌വാൻ കമ്പനിയാണ് വിസ്‌ട്രോൺ ഇൻഫോകോം. ഇതിന്റെ ഇന്ത്യൻ യൂണിറ്റാണ് ടാറ്റ ഇലക്രോണിക്സ് ഏറ്റെടുക്കുന്നത്.
കമ്പനിയുടെ ഇക്വിറ്റി ഷെയർ ക്യാപിറ്റൽ എസ്എംഎസ് ഇൻഫോകോം (സിംഗപ്പൂർ) പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും വിസ്‌ട്രോൺ ഹോങ്കോംഗ് ലിമിറ്റഡിൽ നിന്നുമാണ് ടാറ്റ ഏറ്റെടുക്കുക. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ഐഫോൺ നിർമ്മാതാവായി ടാറ്റ ഗ്രൂപ്പ് മാറും. 125 മില്യൺ ഡോളറിനാണ് വിസ്‌ട്രോൺ ഇൻഫോകോം തങ്ങളുടെ ഇന്ത്യൻ യൂണിറ്റ് ടാറ്റക്ക് വിൽക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിൽ വിസ്‌ട്രോൺ പ്രഖ്യാപനം നടത്തിയിരുന്നു.
ഇന്ത്യയുടെ ഇലക്ട്രോണിക്സ് വ്യവസായത്തിന്റെ വളർച്ചക്ക് മുതൽക്കൂട്ടാണ് ടാറ്റയുടെ ചരിത്രപരമായ കരാർ. ലോകത്തെ ഇലക്ട്രോണിക്സ് നിർമ്മാണ വിപണിയിൽ ഇന്ത്യയുടെ സ്വാധീനം വർധിക്കുന്നതിനും ടാറ്റയുടെ നീക്കം സഹായകമാകും. ഒപ്പം ഇലക്രോണിക്‌സ് മേഖലയിൽ ടാറ്റ ഗ്രൂപ്പിന്റെ സുപ്രധാന വഴിത്തിരിവ് കൂടിയാണിത്.