ജോലി യൂട്യൂബ് വീഡിയോസിന് ലൈക്കടിക്കൽ, പ്രതിദിനം 8000 രൂപ ശമ്പളം: ടെക്കിക്ക് നഷ്ടപ്പെട്ടത് 42 ലക്ഷം രൂപ
"പിന്നീട് 11,000 രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് ഇതത്ര പന്തിയല്ലല്ലോ എന്ന് തോന്നിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു"
വാട്‌സ്ആപ്പിലോ മെസ്സേജ് ആപ്പിലോ ആകട്ടെ, അപരിചിതരുടെ നമ്പറിൽ നിന്ന് വരുന്ന മെസ്സേജുകളോ കോളുകളോ ഗൗനിക്കരുതെന്നും തുടരെ ശല്യം ചെയ്യുകയാണെങ്കിൽ സൈബർ പൊലീസിൽ ബന്ധപ്പെടണമെന്നുമൊക്കെ സ്ഥിരം മുന്നറിയിപ്പുകൾ ലഭിക്കാറുണ്ട് നമുക്ക്. എങ്കിലും ഇത്തരം മെസ്സേജുകൾ മുഖവിലയ്‌ക്കെടുക്കുന്നവർ ഇപ്പോഴുമുണ്ടെന്നതിന് തെളിവായി ഓൺലൈൻ തട്ടിപ്പെന്ന തലക്കെട്ടിൽ നിരവധി വാർത്തകൾ ദിവസവും എത്താറുമുണ്ട്.
ഗുർഗാവിലെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് ഇത്തരം തട്ടിപ്പിലെ ഒടുവിലത്തെ ഇര. ഒരു വാട്‌സ്ആപ്പ് മെസേജിൽ തുടങ്ങിയ പരിചയം അദ്ദേഹത്തിന്റെ 42 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. യൂട്യൂബിൽ ലൈക്കടിക്കുന്നതാണ് ജോലിയെന്നും ദിവസേന 8000 രൂപ വരെ നേടാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതോടെ അദ്ദേഹം തട്ടിപ്പിനിരയാകുകയായിരുന്നു.
മാർച്ച് 24നാണ് ഇദ്ദേഹത്തിന്റെ വാട്‌സ്ആപ്പിലേക്ക് ആദ്യ സന്ദേശമെത്തുന്നത്. യൂട്യൂബിൽ വീഡിയോസ് ലൈക്ക് ചെയ്ത് പണം സമ്പാദിക്കാം, കുറച്ച് പണം മാത്രം ഇൻവെസ്റ്റ് ചെയ്താൽ മതി എന്നതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. മറ്റൊരു വരുമാനവും കൂടിയാകുമല്ലോ എന്നോർത്തപ്പോൾ ഇദ്ദേഹം സമ്മതിക്കുയും ചെയ്തു. പിന്നീട് ദിവ്യ എന്നൊരാൾ തന്നെ ഒരു ടെലഗ്രാം ഗ്രൂപ്പിൽ ആഡ് ചെയ്തു എന്നാണ് ഇദ്ദേഹം പറയുന്നത്. ആദ്യം കുറച്ച് പൈസ ഇൻവെസ്റ്റ് ചെയ്താണ് തുടങ്ങുന്നതെന്നും പിന്നീടിത് ഇരട്ടിയായി അക്കൗണ്ടിലേക്ക് തിരിച്ചെത്തുമെന്നും തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും അതിനാൽ അപ്പോൾ തന്നെ തന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 42,31,600 രൂപ നിക്ഷേപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
"പണം ട്രാൻസ്ഫർ ചെയ്തതിന് ശേഷം തന്റെ ലാഭവിഹിതമായ 69 ലക്ഷം അക്കൗണ്ടിലെത്തിയെന്ന് അവർ അറിയിച്ചു. ദിവ്യ, കമൽ, അങ്കിത്, ഭൂമി, ഹർഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പണം അക്കൗണ്ടിലെത്തി എന്നറിയിച്ചെങ്കിലും ഇത് പിൻവലിക്കാൻ അവർ സമ്മതിച്ചില്ല. പിന്നീട് 11000 രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് ഇതത്ര പന്തിയല്ലല്ലോ എന്ന് തോന്നിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസിൽ വിവരമറിയിച്ചതിന് ശേഷം പണം പിൻവലിക്കാൻ ഒരു തവണ കൂടി ശ്രമിച്ചെങ്കിലും അക്കൗണ്ടിൽ ആക്‌സസ് ഉണ്ടായിരുന്നില്ല". അദ്ദേഹം പറഞ്ഞു.
ഐപിസി പ്രകാരവും ഐടി ആക്ട് പ്രകാരവും തട്ടിപ്പുകാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.