'വാട്‌സ്ആപ്പിന് തിരിച്ചടിയാകും';ടെലഗ്രാം പ്രീമിയർ വേർഷൻ വരുന്നു
പരസ്യക്കാരിൽ നിന്നല്ലാതെ ഉപഭോക്താക്കളിൽ നിന്ന് തന്നെ വരുമാനം കണ്ടെത്താൻ ഇത് ടെലഗ്രാമിനെ സഹായിക്കുമെന്നും ദുരോവ് പറഞ്ഞു
മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിൽ പുതിയ പ്രീമിയം സബ്സ്‌ക്രിപ്ഷൻ ഫീച്ചർ വരുന്നു. പണം നൽകിയുള്ള സബ്സ്‌ക്രിപ്ഷൻ സേവനമാണിത്. ഈ മാസം അവസാനത്തോടെ പ്രീമിയം പതിപ്പ് പുറത്തിറക്കുമെന്നാണ് ടെലഗ്രാം സ്ഥാപകൻ പാവേൽ ദുരോവ് തന്റെ ടെലഗ്രാം ചാനലിലൂടെ വെളിപ്പെടുത്തിയത്. പരസ്യക്കാരിൽ നിന്നല്ലാതെ ഉപഭോക്താക്കളിൽ നിന്ന് തന്നെ വരുമാനം കണ്ടെത്താൻ ഇത് ടെലഗ്രാമിനെ സഹായിക്കുമെന്നും ദുരോവ് പറഞ്ഞു.
ഒരു തരത്തിൽ വാട്സാപ്പിനേക്കാൾ പതിന്മടങ്ങ് ആകർഷകവും ഉപയോഗപ്രദവുമായ സൗകര്യങ്ങളോടെയാണ് ടെലഗ്രാം സേവനം നൽകിവരുന്നത്. വോയ്സ് കോൾ, വീഡിയോകോൾ, വലിയ ഫയലുകൾ അയക്കാനുള്ള സൗകര്യം, ആകർഷകമായ സ്റ്റിക്കറുകൾ, ഇമോജികൾ, പതിനായിരങ്ങളെ ഉൾക്കൊള്ളാനാവുന്ന ഗ്രൂപ്പുകൾ, ചാനലുകൾ, അവ കൈകാര്യം ചെയ്യുന്ന അഡ്മിന്മാർക്ക് വേണ്ടിയുള്ള കൺട്രോൾ സൗകര്യങ്ങൾ അങ്ങനെ നിരവധി സൗകര്യങ്ങൾ ടെലഗ്രാമിലുണ്ട്.
നിലവിലുള്ള എല്ലാ സൗകര്യങ്ങളും സൗജന്യമായി തന്നെ ലഭിക്കുമെന്ന് ദുരോവ് വ്യക്തമാക്കി. എന്നാൽ നിരവധി പുതിയ ഫീച്ചറുകൾ വരുന്നുണ്ട്. അക്കൂട്ടത്തിൽ പ്രീമിയം വരിക്കാരല്ലാത്തവർക്കുള്ള ഫീച്ചറുകളുമുണ്ട്. പ്രീമിയം ഉപഭോക്താക്കൾ അയക്കുന്ന വലിയ ഡോക്യുമെന്റ് ഫയലുകൾ, മീഡിയാ ഫയലുകൾ, സ്റ്റിക്കറുകൾ എന്നിവ കാണാനും പ്രീമിയം റിയാക്ഷനുകൾ പിൻ ചെയ്ത് വെച്ച് തിരിച്ചയക്കാനുമെല്ലാം സൗജന്യ ഉപഭോക്താവിന് സാധിക്കും.
2013 ൽ തുടക്കമിട്ട ടെലഗ്രാം കഴിഞ്ഞ ഒമ്പത് വർഷമായി സൗജന്യ സേവനമാണ് നൽകിവരുന്നത്. കൂടുതൽ ഫീച്ചറുകളും കഴിവുകളും അവതരിപ്പിക്കുമ്പോൾ അതിന് വേണ്ടിയുള്ള സെർവർവർ, ട്രാഫിക് ചിലവുകൾ കൈകാര്യം ചെയ്യാനാവാതെ വരുമെന്ന് ദുരോവ് പറഞ്ഞു.