ടെലഗ്രാമിൽ 30 സെക്കന്റ് വീഡിയോ, തുറന്നാൽ അപകടം; എന്താണ് ഈവിൾ വീഡിയോ?

സൈബര്‍സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

Update: 2024-07-25 10:59 GMT
Advertising

ഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമായ ടെലഗ്രാം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി സൈബര്‍സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകര്‍. ടെലഗ്രാമില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിടുന്ന വലിയ അപകടങ്ങളുണ്ടെന്നാണ് മുന്നറിയിപ്പ്. ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ സഹായത്തോടെ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നതായാണ് റിപ്പോര്‍ട്ട്.

'ഈവിള്‍ വീഡിയോ' എന്നാണ് ഈ ആക്രമണത്തെ ഇസെറ്റ് വിളിക്കുന്നത്. ടെലഗ്രാമിൽ പേഴ്സണല്‍ മെസേജായോ ഗ്രൂപ്പുകളിലോ ആയിരിക്കും ഈ വീഡിയോ ഫയലുകള്‍ വരിക. വീഡിയോ പ്ലേ ചെയ്യുന്നതിനായി അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണിലേക്ക് ഡൗണ്‍ലോഡാകും. ഓട്ടോ ഡൗണ്‍ലോഡ് ഉണ്ടെങ്കില്‍ ചാറ്റ് ഓപ്പണാക്കിയ ഉടന്‍ തന്നെ വീഡിയോ ഡൗണ്‍ലോഡാകും.

എന്നാല്‍, ഈ വീഡിയോ ഡിവൈസില്‍ പ്ലേ ചെയ്യാനാവില്ല. പകരം 'ടെലഗ്രാം ആപ്പിന് ഈ വീഡിയോ പ്ലേ ചെയ്യാനാവില്ല, എക്സ്റ്റേണല്‍ പ്ലെയര്‍ ട്രൈ ചെയ്തു നോക്കൂ..' എന്ന സന്ദേശമാണ് കാണുക. ഓപ്പണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്താൽ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലേക്ക് നയിക്കും. ടെലഗ്രാമിന്റെ 10.14.4 വരെയുള്ള ആന്‍ഡ്രോയിഡ് പതിപ്പുകളെ ഈ പ്രശ്‌നം ബാധിച്ചിരുന്നു. ജൂലായ് 11 ന് ഈ പ്രശ്‌നം പരിഹരിച്ചുകൊണ്ടുള്ള അപ്‌ഡേറ്റും ടെലഗ്രാം അവതരിപ്പിച്ചിരുന്നു.

'സീറോ ഡേ' ആക്രമണങ്ങള്‍ എന്നാണ് ഇത്തരം സൈബറാക്രമണങ്ങളെ പൊതുവെ വിളിക്കുന്നത്. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന് മുമ്പുതന്നെ ഹാക്കര്‍മാര്‍ അത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതുകൊണ്ടാണ് 'സീറോ ഡേ' ആക്രമണങ്ങള്‍ എന്നുപറയുന്നത്.  

വാട്‌സ്ആപ്പ് പോലെ തന്നെ ദൈനംദിന ആശയവിനിമയങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന ആപ്ലിക്കേഷനാണ് ടെലഗ്രാം. നിലവിൽ 100 കോടി ഉപയോക്താക്കളെന്ന നേട്ടത്തിനരികെയാണ് തങ്ങളെന്ന് ടെലഗ്രാം സ്ഥാപകൻ പാവൽ ദുറോവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു വർഷത്തിനുള്ളിൽ ഒരു ബില്യൺ പ്രതിമാസ ഉപയോക്താക്കളെ ടെലഗ്രാം മറികടക്കുമെന്നാണ് പാവൽ ദുറോവ് അവകാശപ്പെടുന്നത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News