ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, കംപ്യൂട്ടർ എന്നിവയുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ
തദ്ദേശീയ ഉൽപാദനം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം
തദ്ദേശീയ ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ ലാപ്‌ടോപ്, ടാബ്‌ലെറ്റ്, പേഴ്‌സണൽ കംപ്യൂട്ടർ എന്നിവയുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ. മതിയായ ലൈസൻസില്ലാതെ ഒരു സ്ഥാപനത്തിനോ കമ്പനിക്കോ ഈ ഉപകരണങ്ങൾ ഇനി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനാവില്ല. ഡെൽ ഏസർ, സാംസങ്, എൽ.ജി, പാനസോണിക്, ആപ്പിൾ, ലെനോവോ, എച്ച്.പി തുടങ്ങിയ വൻകിട ബ്രാൻഡുകൾ ഇന്ത്യയിൽ വിറ്റഴിക്കുന്ന ലാപ്‌ടോപ്പുകളും കപ്യൂട്ടറുമെല്ലാം വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതാണ്. ഇനി ഇത്തരത്തിൽ ഇറക്കുമതി ചെയ്യുന്നതിന് പകരം ഇന്ത്യയിൽ നിർമിച്ച് വിൽക്കേണ്ടി വരും.
റിസർച്ച് ആന്റ് ഡെവലപ്‌മെന്റ്, ടെസ്റ്റിങ്, ബെഞ്ച് മാർക്കിങ്ങ്, വിലയിരുത്തൽ, അറ്റകുറ്റപ്പണികൾ, റീ എക്‌സ്‌പോർട്ട് തുടങ്ങിയ ആവശ്യങ്ങൾക്ക് പ്രത്യേക ലൈസൻസോടുകൂടി ലാപ്‌ടോപ്പും, ടാബ്‌ലെറ്റും, കപ്യൂട്ടറുമെല്ലാം ഇറക്കുമതി ചെയ്യാം. ഇത്തരത്തിൽ 20 എണ്ണം വരെയാണ് ഇറക്കുമതി ചെയ്യാനാവുക. ഈ രീതിയിൽ ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ വിൽക്കാൻ പാടില്ല. അതുപോലെ തന്നെ എന്ത് ആവശ്യത്തിനാണോ ഇറക്കുമതി ചെയ്തത് ആ ആവശ്യം കഴിഞ്ഞാൽ ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ നശിപ്പിക്കുകയോ തിരിച്ച് കയറ്റുമതി ചെയ്യുകയോ വേണം.
അതേസമയം ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ഓൾ ഇൻ വൺ പേഴ്‌സണൽ കപ്യൂട്ടർ, അൾട്ര സ്‌മോൾ ഫോം ഫാക്ടർ കപ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങൾ ഒരോന്ന് വീതം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ നിയന്ത്രണം ബാധകമല്ല. ആളുകൾക്ക് ആവശ്യാനുസരണം ഓൺലൈനായി ഓർഡർ ചെയ്ത് വിദേശത്ത് നിന്ന് ഉപകരങ്ങൾ വാങ്ങാം. എന്നാൽ ആവശ്യമെങ്കിൽ ഇതിന് നികുതി നൽകേണ്ടി വരും.