ആരായിരുന്നു തമിഴ് റോക്കേഴ്‌സ്? ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് വന്‍ ഭീഷണി സൃഷ്ടിച്ച് ഒടുവില്‍ പെട്ടെന്നൊരുനാള്‍ അപ്രത്യക്ഷമായ പൈറസി ഗ്രൂപ്പിന്റെ കഥ
ഗ്രൂപ്പിന്റെ ഉദ്ഭവത്തെ കുറിച്ചോ തമിഴ് റോക്കേഴ്‌സിന് പിന്നിലുള്ള ടീമിനെക്കുറിച്ചോ ആര്‍ക്കും കാര്യമായ വിവരമില്ല
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇന്ത്യന്‍ സിനിമാ മേഖലയ്ക്കാകെ ഭീഷണിയായിരുന്ന പേരായിരുന്നു തമിഴ് റോക്കേഴ്‌സ്.തിയേറ്റര്‍ റിലീസിന് മുമ്പ് തന്നെ സിനിമയുടെ വ്യാജപ്പതിപ്പുകള്‍ സ്വന്തമാക്കി ഇവ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുന്ന തമിഴ് റോക്കേഴ്‌സ് സിനിമാ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്ന തലവേദന ചെറുതല്ല.
കുപ്രസിദ്ധമായ ഈ പൈറസി ഗ്രൂപ്പിന്റെ ഉദ്ഭവത്തെ കുറിച്ചോ തമിഴ് റോക്കേഴ്‌സിന് പിന്നിലുള്ള ടീമിനെക്കുറിച്ചോ ആര്‍ക്കും കാര്യമായ വിവരമില്ല. എന്നാല്‍ ഇവര്‍ 2011ലാണ് ഗ്രൂപ്പിന് തുടക്കം കുറിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകളെങ്കിലും ചൂണ്ടിക്കാട്ടുന്നത്. സിനിമകള്‍ ഫ്രീ ആയി ഡൗണ്‍ലോഡ് ചെയ്യാന്‍ ആളുകള്‍ ആശ്രയിച്ചിരുന്ന ടൊറന്റ് സൈറ്റുകളായ പൈറേറ്റ് ബേയും മറ്റും കത്തി നിന്നിരുന്ന സമയമായിരുന്നു ഇത്.
തമിഴ് സിനിമകളാണ് ആദ്യകാലങ്ങളില്‍ തമിഴ് റോക്കേഴ്‌സ് അപ് ലോഡ് ചെയ്തിരുന്നതെങ്കില്‍ പതിയെപ്പതിയെ മറ്റ് ഭാഷകളിലേക്കും ഇവര്‍ കൈകടത്തി തുടങ്ങി. പ്രാദേശിക ഭാഷകളിലിറങ്ങുന്ന സിനിമകളുടെയെല്ലാം തന്നെ പതിപ്പുകളെത്തിച്ച് തുടങ്ങിയതോടെ ഗ്രൂപ്പ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയ്ക്ക് പുറത്ത് നിന്നും തമിഴ് റോക്കേഴ്‌സ് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് വിവരം. വ്യാജപ്പതിപ്പുകളിറക്കി ഏകദേശം 1 കോടിയോളം രൂപയാണ് ടീം സമ്പാദിച്ചിരുന്നത്.
മാര്‍ച്ച് 2018ല്‍ കേരള പോലീസ് മൂന്ന് പേരെ പൈറസി സംബന്ധമായ കേസുകളില്‍ അറസ്റ്റ് ചെയ്തു. ഇതില്‍ ടീമിന്റെ മാസ്റ്റര്‍ ബ്രെയിനായി കണക്കാക്കുന്ന കാര്‍ത്തി എന്നയാളെയും പ്രഭു, സുരേഷ് എന്ന ഇയാളുടെ കൂട്ടാളികളെയും തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങളുടെ ചിത്രം നിയമവിരുദ്ധമായി പ്രചരിപ്പിച്ചതിന് സിനിമാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. മോഹന്‍ലാലിന്റെ മെഗാഹിറ്റ് പുലിമുരുഗനും പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ആദിയും റിലീസായി ആഴ്ചകള്‍ക്കം നിയമവിരുദ്ധമായി ടൊറന്റ് സൈറ്റുകളിലിട്ടത് തമിഴ് റോക്കേഴ്‌സ് ആണെന്നാണ് കരുതപ്പെടുന്നത്.
നിലവില്‍ സൈറ്റ് പ്രവര്‍ത്തനക്ഷമമല്ല. ഗ്രൂപ്പിന്റെ പ്രവര്‍ത്തനം 2020ല്‍ നിലച്ചു. എന്നാല്‍ സൈറ്റിന്റെ പതിപ്പുകളും ഇതേ പേരില്‍ മറ്റ് ഗ്രൂപ്പുകളും സിനിമകളുടെ വ്യാജപ്പതിപ്പുകളുമായി സജീവമാണ്.
കോവിഡ് മഹാമാരി പൈറസി സൈറ്റുകളിലുണ്ടാക്കിയ ഓളം ചെറുതല്ല. 2021ല്‍ യുഎസ് ആസ്ഥാനമായുള്ള ഒരു സൈബര്‍ സെക്യൂരിറ്റി കമ്പനിയും ഡാറ്റ കമ്പനിയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 2021 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ പൈറേറ്റഡ് കണ്ടന്റുകളുടെ ഡിമാന്‍ഡ് കുതിച്ചുയര്‍ന്നതായി കണ്ടെത്തിയിരുന്നു.
ഇന്ത്യയില്‍ മാത്രം 6.5 ബില്യണ്‍ ആളുകളാണ് പൈറസി വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചത്. യുഎസിനും (13.5ബില്യണ്‍) റഷ്യയ്ക്കും (7.2 ബില്യണ്‍) പിന്നാലെയായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.