ട്വിറ്റർ മടുത്തോ? അക്കൗണ്ട് പൂട്ടാൻ പദ്ധതിയുണ്ടെങ്കിൽ ഈ വഴിയാണ് ശരി
ട്വിറ്റർ ഷട്ട്ഡൗൺ (#TwitterShutDown) എന്ന ഹാഷ്‌ടാഗ് ഇപ്പോൾ ട്രെൻഡിങ്ങിലാണ്
ശതകോടീശ്വരൻ ഇലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം നാടകീയ സംഭവങ്ങളാണ് ട്വിറ്ററിൽ നടക്കുന്നത്. പകുതിയിലേറെ ജീവക്കാരെയും ഇതിനോടകം പടിക്ക് പുറത്താക്കി കഴിഞ്ഞു. മസ്‌കിന് മുൻപും ശേഷവും എന്ന നിലയിലായിട്ടുണ്ട് ഇപ്പോൾ കമ്പനി. പ്രതിസന്ധിയിൽ നിന്ന് കമ്പനിയെ കരകയറ്റാനാണ് പുതിയ പരിഷ്‌കാരങ്ങൾ എന്നാണ് മസ്കിന്റെ വാദം.
മാനേജ്മെന്റിന്റ വിചിത്ര നടപടികൾ കാരണം ട്വിറ്റർ ഉപയോക്താക്കളുടെ കാര്യവും അത്ര സുഗമമല്ല. പലരും ട്വിറ്റർ ഉപേക്ഷിച്ച് മാസ്റ്റോഡൺ (Mastodon) പോലെയുള്ള ബദലുകളിലേക്ക് ചേക്കേറി കഴിഞ്ഞു. വളരെയധികം പരിചയസമ്പന്നരായ ജീവനക്കാർ രാജിവെച്ച് പോകുന്നതിനാൽ ട്വിറ്ററിന്റെ സ്ഥിതി വരും ആഴ്ചകളിൽ രൂക്ഷമാകുമെന്നാണ് പൊതു അഭിപ്രായം. നിരവധി സാങ്കേതിക തകരാറുകൾ നേരിടേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്. ട്വിറ്റർ ഷട്ട്ഡൗൺ (#TwitterShutDown) എന്ന ഹാഷ്‌ടാഗ് ഇപ്പോൾ ട്രെൻഡിങ്ങിലാണ്.
കൂടാതെ, സൈബർ ആക്രമണ ഭീഷണിയും ഉപയോക്താക്കൾക്ക് ആശങ്കയാകുന്നുണ്ട്. ഈ വർഷം ഓഗസ്റ്റിലാണ് ട്വിറ്റർ വൻ സൈബർ ആക്രമണത്തിന് വിധേയമായത്. 5.4 ദശലക്ഷം ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർന്നിരുന്നു.
ലോകകപ്പിനെ തുടർന്നുള്ള ഇന്റർനെറ്റ് ട്രാഫിക്കും മറ്റും ട്വിറ്റർ ഉപയോഗം ദുസ്സഹമാക്കുമെന്ന് എന്റർപ്രൈസ് സോഫ്‌റ്റ്‌വെയർ വിദഗ്‌ധരും ട്വിറ്ററുമായി ബന്ധമുള്ളവരും ഇതിനോടകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ എങ്ങനെ സുരക്ഷിതമായി ട്വിറ്റർ വിടാമെന്നാണ് ഉപയോക്താക്കൾ തിരയുന്നത്.
ട്വിറ്റർ വിടാൻ പദ്ധതിയുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പുറത്തേക്ക് പോകുന്നതിന് മുൻപ് നിങ്ങളുടെ ട്വിറ്റർ പ്രവർത്തനങ്ങളുടെ ആർക്കൈവ് ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ Settings > Settings and Support > Settings and Privacy > Your Account > Download an archive of your data ക്ലിക്ക് ചെയ്യുക. ഈ ആർക്കൈവ് സമാഹരിച്ച് നിങ്ങൾക്ക് അയയ്‌ക്കാൻ ട്വിറ്ററിന് ദിവസങ്ങൾ വേണ്ടിവന്നേക്കും. ഇത് നിങ്ങളുടെ പ്രവർത്തന രീതിയെ ആശ്രയിച്ചിരിക്കും.
സുരക്ഷയൊരുക്കാം
ആർക്കൈവിന് വേണ്ടി കാത്തിരിക്കുന്ന സമയം വെറുതെ കളയേണ്ട. അക്കൗണ്ട് പരിരക്ഷ ഇവിടെ നിന്ന് ആരംഭിക്കാം. പബ്ലിക്ക് അക്കൗണ്ട് ആണെങ്കിൽ അത് പ്രൊട്ടക്റ്റഡിലേക്ക് മാറ്റാൻ ഇതാണ് നല്ല സമയം. പ്രൊട്ടക്റ്റഡ് മോഡിലേക്ക് മാറ്റിക്കഴിഞ്ഞാൽ നിങ്ങളുടെ ട്വീറ്റുകൾ ഇനി പ്ലാറ്റ്‌ഫോമിൽ സെർച്ച് ചെയ്യാനാകില്ല. നിലവിലുള്ള ഫോളോവേഴ്‌സിന് മാത്രമേ നിങ്ങളുടെ ട്വീറ്റുകൾ കാണാൻ സാധിക്കുകയുള്ളൂ.
മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് മാറാൻ പദ്ധതിയുണ്ടെങ്കിൽ ഇക്കാര്യം ബയോയിൽ സൂചിപ്പിക്കുന്നതും നല്ലതാണ്. പുതിയ യൂസർ ഐഡി അടക്കം ബയോയിൽ അപ്ഡേറ്റ് ചെയ്യുകയാണെങ്കിൽ ഫോളോവേഴ്‌സിന് സഹായകമാകും.
ആർക്കൈവ് കിട്ടിക്കഴിഞ്ഞാൽ..
ആർക്കൈവ് മുഴുവൻ ലഭിച്ചുകഴിഞ്ഞാൽ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ട്വീറ്റുകൾ തിരഞ്ഞെടുത്ത് ഇല്ലാതാക്കാം. നേരിട്ടുള്ള മെസേജുകളുടെ (ഡിഎം) കാര്യവും പരിഗണിക്കുന്നത് നല്ലതാണ്. ഇവ നീക്കം ചെയ്യാൻ അല്പം ബുദ്ധിമുട്ടാണ്. മെസേജുകളുടെ വലതുവശത്ത് ക്ലിക്കു ചെയ്‌താൽ ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ ലഭിക്കും. ഓരോന്നോരോന്നായി വേണം ഇവ ഡിലീറ്റ് ചെയ്യാൻ എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ഇൻബോക്സിൽ നിന്ന് മാത്രമേ ഡിലീറ്റ് ചെയ്യുകയുള്ളൂ. മറുവശത്തുള്ളയാൾക്ക് ഇത് നിങ്ങൾ ഡിലീറ്റ് ചെയ്തതിന് ശേഷവും കാണാൻ സാധിക്കും.
അക്കൗണ്ട് കളയണോ?
അക്കൗണ്ട് പൂർണമായും ഡീആക്ടിവേറ്റ് ചെയ്യുന്നതിന് പകരം മുഴുവൻ ഡാറ്റയും ഡിലീറ്റ് ചെയ്‌ത് കളയുന്നതാകും ഉചിതം. യൂസർ നെയിം നിലനിർത്തുക. കുറച്ച് മാസങ്ങൾ കൂടുമ്പോൾ ലോഗ് ഇൻ ചെയ്യേണ്ടി വരുമെന്ന് മാത്രം. നിങ്ങൾ അക്കൗണ്ട് കളഞ്ഞതിന് ശേഷം മറ്റൊരാൾ നിങ്ങളുടെ യൂസർ നെയിം ഉപയോഗിക്കുന്നത് തടയാൻ ഇത് സഹായിക്കും. മാത്രമല്ല, മനസ് മാറുകയാണെങ്കിൽ ട്വിറ്ററിലേക്ക് തന്നെ തിരിച്ചുവരാൻ പുതിയൊരു അക്കൗണ്ട് എടുക്കേണ്ട ആവശ്യവും ഇതുവഴി നിങ്ങൾക്കുണ്ടാകില്ല.
ഹാക്കേഴ്‌സിനെ പേടിക്കേണ്ട..
ടു-ഫാക്ടർ ഓതന്റിക്കേഷൻ (two-factor authentication) ആക്ടിവേറ്റ് ചെയ്യാനുള്ള സമയമായി. Settings > Security and account access > Security > Two-factor authentication ക്ലിക്ക് ചെയ്‌തുകൊണ്ട് നിങ്ങളുടെ അക്കൗണ്ടിന് അധിക സുരക്ഷയൊരുക്കാം. ഇതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുമോ എന്ന ഭയത്തോട് ബൈ പറയാം, നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായിരിക്കും.
അഡീഷണൽ പാസ്‌വേഡ് പ്രൊട്ടക്ഷനും നല്ലൊരു മാർഗമാണ്. മേൽപ്പറഞ്ഞ സ്റ്റെപ്പിലൂടെ തന്നെ ഇതും ആക്റ്റിവേറ്റ് ചെയ്യാം.