ഇതാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേർഡ്

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച പാസ്‌വേർഡ് ഇന്റർനെറ്റ് ഉപയോക്താക്കൾ ഇപ്പോഴും ഒഴിവാക്കാൻ തയ്യാറായിട്ടില്ല

Update: 2023-11-17 12:39 GMT
Advertising

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേർഡ് പുറത്തുവിട്ട് പാസ് മനേജ്‌മെന്റെ് സ്ഥാപനമായ നോർഡ് പാസിന്റെ റിപ്പോർട്ട്. ഇന്ത്യക്കാരിൽ അധികപേരും ഉപയോഗിക്കുന്ന പാസ് വേർഡ് '123456' ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2023ലും ഇന്റർനെറ്റ് ഉപയോക്താക്കൾ വളരെ ദുർബലമായ പാസ്‌വേർഡുകൾ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അതുപോലെ തന്നെ അധികപേരും തങ്ങളുടെ പാസ് വേർഡിനൊപ്പം സ്ഥലങ്ങളുടെ പേരും ഉൾപ്പെടുത്തുന്നുണ്ട്. 'India@123' എന്ന പാസ്‌വേർഡ് ഉപയോഗിക്കുന്നവരുടെ എണ്ണവും നന്നെ കുറവല്ല. കൂടാതെ 'അഡ്മിൻ' എന്ന വാക്കും പലരും പാസ്‌വേർഡുകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും സാധാരണമായ പാസ്‌വേർഡുകളിൽ ഒന്നാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച പാസ്‌വേർഡ് ഇന്റർനെറ്റ് ഉപയോക്താക്കൾ ഇപ്പോഴും ഒഴിവാക്കാൻ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. 'password', 'pass@123', 'password@123' എന്നിവയും ഇതുമായി സാമ്യമായ പാസ് വേർഡുകളുമാണ് ഇന്ത്യയിൽ ഈ വർഷം സാധാരണമായി ഉപയോഗിക്കുന്ന പാസ്‌വേർഡുകൾ.

വിവിധ മാൽവെയറുകൾ പുറത്തുവിട്ട 6.6 ടി.ബി ഡാറ്റാബേസ് പാസ്‌വേർഡുകൾ വിശകലനം ചെയ്താണ് ഇന്റർനെറ്റ് ഉപയോക്താക്കൾ വിവിധ പ്ലാറ്റ്‌ഫോമുകളിലായി ഉപയോഗിക്കുന്ന പാസ്‌വേർഡുകളെക്കുറിച്ച് ഗവേഷകർ പഠനം നടത്തിയത്.

ലോകത്തെ സാധാരണ പാസ് വേർഡുകളിൽ 31 ശതമാനവും '123456789', '12345', '000000', പോലെയുള്ള സംഖ്യാ ശ്രേണികളാണ്. ലോകത്തെ 70 ശതമാനം പാസ് വേർഡുകളും ഒരു സെക്കന്റിനുള്ളിൽ തകർക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മികച്ച സുരക്ഷ ഉറപ്പാക്കുന്നതിന് പാസ് കീ, ടു സ്റ്റെപ്പ് വെരിഫിക്കേഷൻ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് ഗവേഷകർ അഭ്രിപായപ്പെട്ടു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News