'റീച്ചാര്‍ജിന് ഇനി വലിയ വില നല്‍കേണ്ടി വരും'; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ട്രായ്
ട്രായില്‍ റിപ്പോര്‍ട്ട് ചെയ്ത ഓഫറുകള്‍ മാത്രമേ ഇനി മുതല്‍ ടെലിക്കോം ഓപ്പറേറ്റര്‍മാര്‍ നല്‍കാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു
മൊബൈല്‍ പോർട്ടിങ്ങിലൂടെ പുതിയ വരിക്കാരാകുന്നവര്‍ക്ക് ടെലികോം കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നതിനെതിരെ ടെലിക്കോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ (ട്രായ്). മുമ്പ് ഉപയോഗിച്ച നെറ്റ്‍വര്‍ക്കിനേക്കാള്‍ മികച്ചതാണ് പുതിയ കമ്പനി എന്ന് ഉപയോക്താക്കളെ വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് സേവന ദാതാക്കള്‍ വലിയ ഓഫറുകള്‍ നല്‍കുന്നത്. എന്നാല്‍, ഇതിനെ സംബന്ധിച്ച് നിരവധി ടെലിക്കോം കമ്പനികള്‍ പരാതി നല്‍കുന്നുണ്ടെന്ന് ട്രായ് വ്യക്തമാക്കി. ഇത് വിവേചനമാണെന്നും ഇത്തരത്തിലുള്ള ഓഫറുകള്‍ നല്‍കുന്നത് 1999 ലെ ടിടിഒ 10 ക്ലോസിന്റെ ലംഘനമാണെന്നും അതോരിറ്റി പറയുന്നു.
റെഗുലേറ്ററിയില്‍ റിപ്പോര്‍ട്ട് ചെയ്തതല്ലാത്ത ഓഫറുകള്‍ നല്‍കാന്‍ പാടില്ലെന്ന് ട്രായുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഓര്‍ഡറില്‍ പറയുന്നു. സുതാര്യത വര്‍ദ്ധിപ്പിക്കാനും അന്യായമായി പിന്തുടരുന്ന കാര്യങ്ങള്‍ അവസാനിപ്പിക്കാനും താരിഫ് ഓഫറുകളിലെ വിവേചനം ഇല്ലാതാക്കാനും സഹായിക്കുന്ന ഉത്തരവാണ് ട്രായ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ട്രായില്‍ റിപ്പോര്‍ട്ട് ചെയ്ത ഓഫറുകള്‍ മാത്രമേ ഇനി മുതല്‍ ടെലിക്കോം ഓപ്പറേറ്റര്‍മാര്‍ നല്‍കാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു. "മറ്റ് സേവന ദാതാക്കളില്‍ നിന്നും മാറി വരുന്ന ഒരു ഉപയോക്താവിന് പ്രത്യേക പരിഗണന കൊടുക്കുന്നത് നല്ല കാര്യമല്ല. അത്തരം പരിഗണനയുടെ ഉദ്ദേശം എതിരാളിയുടെ കൂടുതല്‍ ഉപയോക്താക്കളെ തങ്ങളിലേക്ക് കൊണ്ടുവരാന്‍ മാത്രമാണ്. ഇത് വിവേചനപരവും ടിടിഒയുടെ പത്താം വകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമാണ്." ട്രായ് ഉത്തരവില്‍ പറയുന്നു.