3.67 ലക്ഷം കോടി മുടക്കിയുള്ള ട്വിറ്റർ ഏറ്റെടുക്കൽ താത്കാലികമായി നിർത്തിവെച്ചെന്ന്‌ ഇലോൺ മസ്‌ക്

ട്വിറ്ററിലെ സ്പാം, വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള റോയിട്ടേഴ്‌സ് വാർത്തക്കൊപ്പമാണ് കുറിപ്പ് പ്രസിദ്ധീകരിച്ചത്

Update: 2022-05-13 16:25 GMT
Advertising

കാലിഫോർണിയ: ട്വിറ്റർ ഏറ്റെടുക്കുന്നത് താത്കാലികമായി നിർത്തിവെച്ചെന്ന്‌ ലോക സമ്പന്നൻ ഇലോൺ മസ്‌ക്. സ്പാം-വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നത് വരെ സമൂഹ മാധ്യമം ഏറ്റെടുക്കുന്നത് നിർത്തിവെച്ചിരിക്കുകയാണെന്ന്‌ ട്വിറ്ററിലാണ് മസ്‌ക് അറിയിച്ചത്. 'അഞ്ചു ശതമാനത്തിൽ താഴെ മാത്രമേ സ്പാം-വ്യാജ അക്കൗണ്ടുകളുള്ളൂവെന്ന കണക്കുകൂട്ടലിനെ പിന്തുണക്കാത്ത വിശദാംശങ്ങൾ. ട്വിറ്റർ ഇടപാട് താത്കാലികമായി നിർത്തിവെച്ചു'-മസ്‌ക് ട്വിറ്ററിൽ കുറിച്ചു. ട്വിറ്ററിലെ സ്പാം, വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള റോയിട്ടേഴ്‌സ് വാർത്തക്കൊപ്പമാണ് കുറിപ്പ് പ്രസിദ്ധീകരിച്ചത്.

ട്വിറ്ററിൽ നിന്ന് 'സ്പാം ബോട്ടുകളെ നീക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് നേരത്തെ മസ്‌ക് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം 229 മില്യൺ ഉപഭോക്താക്കളിൽ അഞ്ചു ശതമാനം മാത്രമാണ് സ്പാം-വ്യാജ അക്കൗണ്ടുകളെന്ന് ട്വിറ്റർ കണക്കെടുപ്പ് നടത്തിയിരുന്നു.


4400 കോടി ഡോളർ (3.67 ലക്ഷം കോടി രൂപ) മുടക്കി ട്വിറ്റർ ഏറ്റെടുക്കാൻ ഇലോൺ മസ്‌ക് കരാർ ഒപ്പുവെച്ചിരുന്നു. ട്വിറ്ററിനെ എക്കാലത്തെയും മികച്ചതാക്കുമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനായാണ് നിലകൊള്ളുന്നതെന്നും മസ്‌ക് പ്രഖ്യാപിക്കുകയും ചെയ്തു. ട്വിറ്ററിനെ ഏറ്റെടുക്കാമെന്ന ഇലോൺ മസ്‌കിന്റെ വാഗ്ദാനം ട്വിറ്റർ ബോർഡ് അംഗീകരിക്കുകയും ഓഹരി ഒന്നിന് 54.20 ഡോളർ എന്ന നിരക്കിൽ 44 ബില്യണിന് കരാറിലേർപ്പെടുകയുമായിരുന്നു. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ആദ്യം മസ്‌ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിംഗ് മൂല്യത്തേക്കാൾ 38 ശതമാനം കൂടുതലായാണ് കരാർ തുക പറഞ്ഞിരുന്നത്.



തന്റെ വിമർശകരും ട്വിറ്ററിൽ തുടരുമെന്നാണ് പ്രതീക്ഷയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനായാണ് നിലകൊള്ളുന്നതെന്നും മസ്‌ക് പ്രഖ്യാപിച്ചിരുന്നു. മുമ്പില്ലാത്തവിധം മികച്ചതായി ട്വിറ്ററിനെ മാറ്റാനാണ് താൻ ആഗ്രഹിക്കുന്നത്. പുതിയ ഫീച്ചേഴ്സ് അവതരിപ്പിക്കാനും വിശ്വാസ്യത വർധിപ്പിക്കാനുള്ള മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുമെന്നും ഏറ്റെടുക്കലിന് ശേഷം മസ്‌ക് അറിയിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാർത്ഥ പ്ലാറ്റ്‌ഫോം ആയി മാറണമെങ്കിൽ ട്വിറ്റർ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്. നിലവിൽ ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സി.ഇ.ഒയാണ് ഇലോൺ മസ്‌ക്. ഫോബ്‌സ് പട്ടികയിൽ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോൺ മസ്‌ക്.

മസ്‌ക് ഒറ്റയ്ക്ക് ട്വിറ്റർ സ്വന്തമാക്കാതിരിക്കാൻ ഷെയർഹോൾഡർ റൈറ്റ്‌സ് പ്ലാൻ അഥവാ പോയിസൺ പിൽ എന്ന തന്ത്രം നടപ്പാക്കാൻ നേരത്തെ ട്വിറ്റർ തീരുമാനിച്ചിരുന്നു. കമ്പനിയിലെ മസ്‌കിന്റെ ഓഹരി വിഹിതം കുറച്ച് ഏറ്റെടുക്കൽ ചെലവേറിയതാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മസ്‌ക് ഉയർന്ന തുക വാഗ്ദാനം ചെയ്തതിനാൽ നിക്ഷേപകരുടെ സമ്മർദം ശക്തമായി. മോഹവിലയിട്ട മസ്‌കിന്റെ ഓഫറിന്റെ തടവിലല്ല ട്വിറ്ററെന്ന് സി.ഇ.ഒ പരാഗ് അഗർവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ നിക്ഷേപകരുടെ സമ്മർദം ശക്തമായതോടെ ബോർഡ് ചർച്ച ചെയ്ത് മസ്‌കിന്റെ ഓഫർ സ്വീകരിക്കുകയായിരുന്നു.

Twitter deal temporarily on hold: Elon Musk 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News