ട്വിറ്ററിന് എന്തുപറ്റി? ലോഗിന്‍ ചെയ്യാന്‍ പറ്റുന്നില്ലെന്ന് പരാതി

ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കാണ് പ്രധാനമായും തടസ്സം നേരിട്ടത്

Update: 2022-11-04 06:10 GMT
Advertising

മൈക്രോ ബ്ലോഗിങ് സാമൂഹ്യ മാധ്യമമായ ട്വിറ്ററിന്‍റെ സേവനം തടസ്സപ്പെട്ടതായി പരാതി. ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍ പറയുന്നു.

'എന്തോ പ്രശ്നമുണ്ട്. പക്ഷേ പരിഭ്രമിക്കേണ്ട. വീണ്ടും ശ്രമിക്കൂ' എന്നാണ് പലര്‍ക്കും സ്ക്രീനില്‍ തെളിയുന്നത്. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കാണ് പ്രധാനമായും തടസ്സം നേരിട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പ്രശ്‌നം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഏഴു മണിയോടെ പ്രശ്നം രൂക്ഷമായി. എന്നാല്‍ ട്വിറ്റര്‍ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇലോണ്‍ മസ്ക് നിയന്ത്രണം ഏറ്റെടുത്തതോടെ ട്വിറ്ററില്‍ സമൂല മാറ്റങ്ങള്‍ നടപ്പാക്കുന്നതിനിടെയാണ് സേവനം തടസ്സപ്പെട്ടത്. മസ്ക് ആദ്യമെടുത്ത നടപടി സി.ഇ.ഒ പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെ നാല് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കുക എന്നതാണ്. സ്പാം ബോട്ടുകളെ സംബന്ധിച്ചും വ്യാജ അക്കൌണ്ടുകളെ സംബന്ധിച്ചും തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥരെ പുറത്താക്കിയത്. 75000 ജീവനക്കാരില്‍ പകുതിയോളം തൊഴിലാളികളെ പിരിച്ചുവിടാനും മസ്ക് തീരുമാനിച്ചു. ഇന്ന് പലര്‍ക്കും പിരിച്ചുവിട്ടുകൊണ്ടുള്ള മെയില്‍ ലഭിച്ചു.

ട്വിറ്ററില്‍ ഇനി നീല ടിക്ക് ലഭിക്കാന്‍ പ്രതിമാസം പണം ചെലവാക്കേണ്ടിവരും. എത്ര ഡോളര്‍ എന്ന് മസ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നപ്പോള്‍ ബില്ലുകള്‍ അടയ്ക്കേണ്ടേ എന്നായിരുന്നു മസ്കിന്‍റെ മറുപടി.

4400 കോടി ഡോളറാണ് ട്വിറ്ററിന് ഇലോണ്‍ മസ്കിട്ട വില. എന്നാല്‍ ഇടയ്ക്ക് ഇടപാടിൽ നിന്നും പിൻമാറുകയാണെന്ന് മസ്‌ക് വ്യക്തമാക്കുകയുണ്ടായി. കരാറിലെ വ്യവസ്ഥകൾ ട്വിറ്റർ ലംഘിച്ചെന്നും വ്യാജഅക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നുമായിരുന്നു പരാതി. സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് പിന്നോട്ടുപോകുമെന്നാണ് മസ്ക് മുന്നറിയിപ്പ് നല്‍കിയത്. ഇത് സങ്കീര്‍ണമായ കോടതി വ്യവഹാരങ്ങളിലെത്തും എന്ന ഘട്ടത്തില്‍ ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് മസ്ക് വ്യക്തമാക്കുകയായിരുന്നു.

Summary- Many Twitter users reported problems with the microblogging site on Friday morning. Several users said that they are unable to log into the website.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News