റഷ്യയിലെ നിരോധനം മറികടക്കാൻ ട്വിറ്റർ; ഡാർക്ക് വെബ് ടോർ സേവനം തുടങ്ങി
ടോർ ഒനിയൻ സേവനം ഉപയോഗിച്ച് നിരോധനം മറികടന്ന് ട്വിറ്റർ ഉപയോഗിക്കാൻ ഇനി റഷ്യയിലുള്ളവർക്ക് കഴിയും.
റഷ്യയിലെ നിരോധനം മറികടക്കാനുള്ള നീക്കവുമായി ട്വിറ്റർ. രാജ്യത്തെ ഉപഭോക്താക്കൾക്ക് ട്വിറ്റർ ഉപയോഗിക്കാൻ സൗകര്യം ഒരുക്കുന്നതിന് ട്വിറ്ററിന്റെ ഡാർക്ക് വെബ്ബ് ടോർ പതിപ്പ് കമ്പനി പുറത്തിറക്കി. ടോർ ഒനിയൻ സേവനം ഉപയോഗിച്ച് നിരോധനം മറികടന്ന് ട്വിറ്റർ ഉപയോഗിക്കാൻ ഇനി റഷ്യയിലുള്ളവർക്ക് കഴിയും. ട്വിറ്ററിനെ പിന്തുണയ്ക്കുന്ന ബ്രൗസറുകളുടെ പട്ടികയിൽ ഇപ്പോൾ ടോർ ഒനിയൻ സേവനത്തേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്താവിന്റെ ഇന്റർനെറ്റ് കണക്ഷനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സെർവറുകളിലൂടെ കടത്തിവിട്ടാണ് ടോർ പ്രാദേശിക ഇന്റർനെറ്റ് സെൻസർഷിപ്പുകളെ മറികടക്കുന്നത്. സൈബർ സുരക്ഷാ ഉദ്യോഗസ്ഥനും ടോർ ഒനിയൻ സേവനം തയ്യാറാക്കുന്നതിനായുള്ള എന്റർപ്രൈസ് ഒനിയൻ ടൂൾകിറ്റിന്റെ ഡിസൈനറുമായ അലെക് മഫെറ്റാണ് ട്വിറ്ററിന്റെ ടോർ പ്രോജക്ട് ഒനിയൻ സേവനം പ്രഖ്യാപിച്ചത്.
This is possibly the most important and long-awaited tweet that I've ever composed.
— Alec Muffett (@AlecMuffett) March 8, 2022
On behalf of @Twitter, I am delighted to announce their new @TorProject onion service, at:https://t.co/Un8u0AEXeE pic.twitter.com/AgEV4ZZt3k
സമൂഹമാദ്ധ്യമങ്ങൾക്കെല്ലാം വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് റഷ്യ. ഫേസ്ബുക്ക്, യൂട്യൂബ്,ട്വിറ്റർ എന്നീ ആപ്പുകളാണ് റഷ്യ വിലക്കിയത്. ഫേസ്ബുക്ക് പ്ലാറ്റ് ഫോമിൽ റഷ്യൻ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നാരോപിച്ചാണ് നടപടി.ഫേസ്ബുക്കിനും സഹോദര കമ്പനിയായ ഇൻസ്റ്റഗ്രാമിനും ഉൾപ്പടെയാണ് വിലക്ക് ഏർപ്പെടുത്തിയത്. നേരത്തെ തന്നെ ട്വിറ്ററിന്റെ പല സേവനങ്ങളും റഷ്യയിൽ ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു.
ഷോർട് വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോകും റഷ്യയിൽ അവരുടെ സ്ട്രീമിങ് സേവനം താൽക്കാലികമായി നിർത്തലാക്കിയിരുന്നു. പുതിയ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിനും വിലക്കുണ്ട്. റഷ്യ നടപ്പിലാക്കിയ പുതിയ വ്യാജ വാർത്താ നിയമത്തിൽ പ്രതിഷേധിച്ചുള്ള നടപടിയാണെന്നാണ് സൂചന.
''വിനോദത്തിനും സർഗാത്മകതയ്ക്കും ഉള്ള പ്ലാറ്റ്ഫോമാണ് ടിക്ടോക്. മനുഷ്യർ കടുത്ത ദുരന്തവും ഒറ്റപ്പെടലും അഭിമുഖീകരിക്കുന്ന യുദ്ധവേളയിലെല്ലാം ആശ്വാസത്തിന്റെയും മാനുഷികബന്ധത്തിന്റെയും സ്രോതസായിമാറാൻ ഇതിന് കഴിയും. എന്നിരുന്നാലും ഞങ്ങളുടെ ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷയ്ക്കാണ് പ്രധാന പരിഗണന''- ടിക്ടോക് ട്വിറ്ററിൽ കുറിച്ചു.