ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി 10,000 പേരുടെ ജോലി ചെയ്യും; യു.കെ ടെലികോം കമ്പനി 55,000 പേരെ പിരിച്ചുവിടുന്നു
കുതിച്ചുയരുന്ന പണപ്പെരുപ്പം ലോക സമ്പദ് വ്യവസ്ഥയെ തളർത്തുന്നതിനാൽ, ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റാ ഉൾപ്പെടെ, ആഗോള സാങ്കേതിക മേഖലയിൽ പതിനായിരക്കണക്കിന് തൊഴിലാളികളെ ഈ വർഷം പിരിച്ചുവിട്ടിരുന്നു
ലണ്ടൻ: ബ്രിട്ടീഷ് ടെലികോം, ടെലിവിഷൻ ഗ്രൂപ്പ് ബിടി 55,000 പേരെ പിരിച്ചുവിടുന്നു. 2030 ഓടെ ഈ തൊഴിലവസരങ്ങൾ ഒഴിവാക്കി ചെലവ് കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 10,000 ജോലികൾ നിർവഹിക്കും. ഇതോടെ 42 ശതമാനം തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടപ്പെടുക. യുകെ മൊബൈൽ ഫോൺ ഭീമനായ വോഡഫോൺ മൂന്ന് വർഷത്തിനിടെ 11,000 ജോലികൾ അഥവാ പത്തിലൊന്ന് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികൾ അവതരിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ബിടിയുടെ തീരുമാനം.
കരാറുകാർ ഉൾപ്പെടെ 1,30,000 ജീവനക്കാരാണ് ബിടിയിൽ ജോലി ചെയ്യുന്നത്. അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഇത് 75,000 മുതൽ 90,000 വരെ പേരായി കുറയ്ക്കുമെന്ന് ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. കുതിച്ചുയരുന്ന പണപ്പെരുപ്പം ലോക സമ്പദ് വ്യവസ്ഥയെ തളർത്തുന്നതിനാൽ, ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റാ ഉൾപ്പെടെ, ആഗോള സാങ്കേതിക മേഖലയിൽ പതിനായിരക്കണക്കിന് തൊഴിലാളികളെ ഈ വർഷം പിരിച്ചുവിട്ടിരുന്നു.
മൂന്ന് വർഷം മുമ്പ് ആരംഭിച്ച പദ്ധതി പ്രകാരം ചെലവ് വെട്ടിക്കുറയ്ക്കുന്ന ബി.ടി കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ്. ബി.ടി ഗ്രൂപ്പ് വളരെ കുറച്ച് തൊഴിലാളികളെ ആശ്രയിച്ചും കുറഞ്ഞ ചിലവിലൂടെയും കാര്യങ്ങൾ നടത്തുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഫിലിപ്പ് ജാൻസൻ പറഞ്ഞു. കമ്പനിയുടെ മുഴുവൻ ഫൈബർ ബ്രോഡ്ബാൻഡും 5G നെറ്റ്വർക്കും പുറത്തിറങ്ങിക്കഴിഞ്ഞാൽ, അത് നിർമിക്കുന്നതിനും പരിപാലിക്കുന്നതിനും ഇത്രയധികം ജീവനക്കാരുടെ ആവശ്യമില്ലെന്ന് അധികൃതർ പറഞ്ഞു.
മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ വരുമാനം 50 ശതമാനം ഉയർന്ന് 1.9 ബില്യൺ പൗണ്ടായി (2.4 ബില്യൺ ഡോളർ) വർധിച്ചതായും കമ്പനി വ്യാഴാഴ്ച വെളിപ്പെടുത്തി. എന്നാൽ പ്രീ ടാക്‌സ് ലാഭം മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം ഇടിഞ്ഞ് 1.7 ബില്യൺ പൗണ്ടായി. വരുമാനം ഒരു ശതമാനം കുറഞ്ഞ് 20.7 ബില്യൺ പൗണ്ടായി.
UK telecoms firm BT to cut 55,000 jobs