മസ്‌ക് വന്നതിന് ശേഷം ഉപയോക്താക്കൾ കുറഞ്ഞു; ശരിവെച്ച് എക്സ് സി.ഇ.ഒ ലിൻഡ യാക്കറിനോ
നേരത്തെ 259.4 മില്ല്യൺ ദൈനംദിന ഉപയോക്താക്കളുണ്ടായിരുന്ന എക്‌സിന് 15 മില്ല്യൺ ഉപയോക്താക്കളെയാണ് നഷ്ടമായത്
ഇലോൺ മസ്‌ക് എക്‌സ് ഏറ്റെടുത്തതിന് ശേഷം പ്ലാറ്റഫോമിലെ ദൈനംദിന സജീവ ഉപയോക്താക്കളെ നഷ്ടപ്പെടുന്നുവെന്ന് എക്‌സ് സി.ഇ.ഒ ലിൻഡ യാക്കറിനോ. സി.എൻ.ബി.സി ചാനലിലെ അഭിമുഖത്തിനിടെയാണ് ലിൻഡ ഇക്കാര്യം വ്യക്തമാക്കിയത്.
കമ്പനിക്ക് ഇപ്പോൾ 225 മില്ല്യൺ ദൈനംദിന ഉപയോക്താക്കളാണുള്ളത്. മസ്‌ക് ഏറ്റെടുക്കുന്നതിന് മുമ്പുള്ള കമ്പനിയുടെ ദൈനംദിന ഉപയോക്താക്കളെ വെച്ച് നോക്കുമ്പോൾ 11.6 ശതമാനം ഇടിവാണുണ്ടായത്. കഴിഞ്ഞവർഷം ഇലോൺ മസക് പങ്കുവെച്ച ട്വീറ്റിൽ 254.5 മില്ല്യൺ ദൈനംദിന ഉപയോക്താക്കളുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. മസ്‌ക് പ്ലാറ്റ്‌ഫോം ഏറ്റെടുക്കുന്നതിന് ഒരാഴ്ച്ച മുമ്പുള്ള കണക്കാണിത്.
2022 നവംബർ മാസം മധ്യത്തോടെ 259.4 മില്ല്യൺ ദൈനംദിന ഉപയോക്താക്കളുണ്ടായിരുന്ന എക്‌സിന് എകദേശം 15 മില്ല്യൺ ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്, ഇത് എകദേശം 5.6 ശതമാനത്തോളം വരുന്നുണ്ട്. അതേസമയം എക്‌സ് അതിന്റെ ദൈനംദിന ഉപയോക്താക്കളുടെ എണ്ണം 245 മില്ല്യണിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ 200 മില്ല്യൺ മുതൽ 250 മില്ല്യൺ വരെ ദൈനംദിന ഉപയോക്താക്കളുണ്ടെന്നും ലിൻഡ പറഞ്ഞു.
പ്ലാറ്റ്‌ഫോമിൽ 50,000 കമ്മ്യുണിറ്റികളുണ്ട്. 550 മില്ല്യൺ പ്രതിമാസ ഉപയോക്താക്കളുണ്ടെന്നും 2024 ഓടെ എക്‌സ് ലാഭത്തിലാകുമെന്നും ലിൻഡ യാക്കറിനോ പറഞ്ഞു. കഴിഞ്ഞ 12 അഴ്ക്കുള്ളിൽ നുറ് മുൻനിര പരസ്യദാതാക്കളിൽ 90 ശതമാനവും പ്ലാറ്റഫോമിലേക്ക് തിരിച്ചു വന്നുവെന്നും ലിൻഡ കുട്ടിച്ചേർത്തു.