വാട്‌സ്ആപ്പിലെ ദോഷകരമായ ഇടപെടല്‍; മാർച്ചില്‍ മാത്രം നിരോധിച്ചത് 47 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകൾ
പുതിയ ഐടി നിയമ പ്രകാരം വാട്സ് ആപ്പ് എല്ലാ മാസവും ഉപയോക്താക്കളുടെ സുരക്ഷാ റിപ്പോർട്ട് നൽകുന്നുണ്ട്
മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയിൽ നിന്ന് മാർച്ച് മാസം നിരോധിച്ചത് 47 ലക്ഷം അക്കൗണ്ടുകൾ. വാട്‌സ്ആപ്പിന്റെ പ്രതിമാസ റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്. ഇതിൽ 1,659,385 അക്കൗണ്ടുകൾ ഏതെങ്കിലും ഉപയോക്താവിന്റെ പരാതിക്ക് മുമ്പ് തന്നെ നിരോധിച്ചതാണ്. ഉപഭോക്ത പരാതികളോട് പ്രതികരിക്കുന്നതിനും നടപടിയെടുക്കുന്നതിനും പുറമേ, പ്ലാറ്റ്ഫോമിലെ ദോഷകരമായ പെരുമാറ്റം തടയുന്നതുമായി ബന്ധപ്പെട്ടാണ് നിരോധനം
ഫെബ്രുവരിയിൽ 4.6 ദശലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചിരുന്നു. 2023 ലെ പ്രതിമാസ കണക്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണ് മാർച്ചിലേത്. ജനുവരിയിൽ 29 ലക്ഷവും കഴിഞ്ഞവർഷം 37 ലക്ഷം അക്കൗണ്ടുകളാണ് നിരോധിച്ചത്.
ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടി സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മാർച്ച് മാസത്തിൽ 4720 പരാതികൾ റിപ്പോർട്ട് ചെയ്തതായും 585 അക്കൗണ്ടുകളിൽ നടപടി സ്വീകരിച്ചതായും പറയുന്നു. 'കമ്പനി സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നു. ദോഷകരമായ പ്രവർത്തനങ്ങൾ നേരത്തെ കണ്ടെത്തുന്നതാണ് നല്ലതെന്നും റിപ്പോർട്ടിൽ പറയുന്നു.
പുതിയ ഐടി നിയമത്തിന് കീഴിൽ വാട്സ് ആപ്പ് എല്ലാ മാസവും ഉപയോക്താക്കളുടെ സുരക്ഷാ റിപ്പോർട്ട് നൽകുന്നുണ്ട്. പുതിയ ഐടി നിയമങ്ങൾ പ്രകാരം 5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഏതൊരു സോഷ്യൽ പ്ലാറ്റ്‌ഫോമും എല്ലാ മാസവും റിപ്പോർട്ട് നല്‍കണം. ഈ റിപ്പോർട്ടിൽ ഉപയോക്താക്കളുടെ പരാതിയെക്കുറിച്ചും കമ്പനികള്‍ സ്വീകരിച്ച നടപടിയെ കുറിച്ചും വ്യക്തമാക്കണം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ ഉള്ളടക്കം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വർദ്ധിച്ച് വരികയാണ്.ഇതിനായി ഗ്രീവൻസ് ഓഫീസറെയും സമിതിയെയും ഐടി ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.