അഡ്മിന് കൂടുതൽ അധികാരം; വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഉടൻ

വാട്‌സാപ്പ് ഗ്രൂപ്പുകളുടെ സ്വകാര്യത വർധിപ്പിക്കാനും സ്പാം മെസേജുകൾ കുറക്കാനും സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.

Update: 2022-08-13 16:41 GMT
Editor : Nidhin | By : Web Desk
Advertising

ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ആപ്പിലെ ഫീച്ചറുകളും മെച്ചപ്പെടുത്താൻ നിരന്തരമായ ശ്രമിക്കുന്ന പേഴ്‌സണൽ മെസേജിങ് ആപ്പാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ്. ഇപ്പോൾ അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന ഒരു ഫീച്ചർ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് വാട്‌സാപ്പ്.

വാട്‌സാപ്പ് ഗ്രൂപ്പുകളുടെ സ്വകാര്യത വർധിപ്പിക്കാനും സ്പാം മെസേജുകൾ കുറക്കാനും സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. ഈ ഫീച്ചർ നിലവിൽ വന്നാൽ ഫേസ്ബുക്ക് ഗ്രൂപ്പുകളിലേത് പോലെ അഡ്മിൻമാർക്ക് ആരൊക്കെ ഗ്രൂപ്പിൽ കയറാമെന്നത് നിയന്ത്രിക്കാൻ പറ്റും. ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്ക് വഴി ഗ്രൂപ്പിൽ ആരെങ്കിലും കയറാൻ ശ്രമിച്ചാൽ അഡ്മിന് നോട്ടിഫിക്കേഷൻ നൽകുകയും അഡ്മിൻ അപ്രൂവ് നൽകിയാൽ മാത്രമേ ഗ്രൂപ്പിൽ കയറാൻ സാധിക്കുകയുള്ളൂ. ആൻഡ്രോയിഡ് ബീറ്റ വേർഷൻ 2.22.18.9 ഈ അപ്‌ഡേറ്റ് ഇപ്പോൾ ടെസ്റ്റിങിലാണ്.

നേരത്തെ പുതിയ മൂന്ന് ഫീച്ചറുകൾ വാട്‌സാപ്പ് അവതരിപ്പിച്ചിരുന്നു.

മൂന്ന് പ്രൈവസി ഫീച്ചറുകളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ മറ്റു അംഗങ്ങളെ അറിയിക്കാതെ ഗ്രൂപ്പിൽ നിന്ന് പുറത്തുപോകാനുള്ള സൗകര്യം, നമ്മൾ ഓൺലൈൻ ആണെന്ന് ആർക്കൊക്കെ കാണണം എന്ന കൺട്രോൾ, ഒറ്റ പ്രാവശ്യം മാത്രം കാണാൻ പറ്റുന്ന 'വ്യൂ വൺസ് മെസേജു' കളുടെ സ്‌ക്രീൻ ഷോട്ട് എടുക്കുന്നത് വിലക്കുന്നതും പുതിയ അപ്ഡേറ്റിന്റെ ഭാഗമാണ്. ഉപയോക്താക്കളുടെ സന്ദേശങ്ങൾ മുഖാമുഖമുള്ള സംഭാഷണങ്ങൾ പോലെ സ്വകാര്യമായും സുരക്ഷിതമായും മാറ്റുവാൻ മെറ്റ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുമെന്ന് അപ്ഡേറ്റ് പുറത്തിറക്കി കൊണ്ടുള്ള പ്രസ്താവനയിൽ കമ്പനി സിഇഒ മാർക്ക് സുക്കർബർഗ് പറഞ്ഞു.

നോട്ടിഫിക്കേഷൻ നൽകാതെ ഗ്രൂപ്പുകളിൽ നിന്ന് പുറത്തുപോകാം

നിലവിൽ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ഒരാൾ പുറത്തുപോയാൽ (Letf/Exit) ഗ്രൂപ്പിൽ അയാളുടെ പേരോ നമ്പറോ വെച്ച് പുറത്തുപോയ വിവരം ഒരു ബബിളിലൂടെ ഗ്രൂപ്പിലെ എല്ലാവരെയും അറിയിക്കും. എന്നാൽ ഇനിമുതൽ ഇത്തരത്തിൽ ഇനി എല്ലാവരെയും അറിയിക്കാതെ ഗ്രൂപ്പിൽ നിന്ന് പുറത്തുപോകാം. അതേസമയം ഗ്രൂപ്പ് അഡ്മിൻമാർക്ക് മെമ്പർ പുറത്തുപോയ നോട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യും.

ഓൺലൈൻ ആണോ എന്ന് ആരൊക്കെ കാണണം എന്ന് തീരുമാനിക്കാം

നിലവിൽ വാട്സാപ്പിൽ ഒരാൾ ഓൺലൈൻ വന്നാൽ പ്രൊഫൈലിൽ ഓൺലൈൻ എന്ന ബാഡ്ജുണ്ടാകും. പുതിയ അപ്ഡേറ്റ് നിലവിൽ വന്നാൽ നമ്മൾ ഓൺലൈൻ ആണോ എന്ന് ആരൊക്കെ കാണമെന്ന് നമ്മുക്ക് നിയന്ത്രിക്കാൻ സാധിക്കും. ഇത് വാട്സാപ്പ് കൂടുതൽ സ്വകാര്യമായി ഉപയോഗിക്കാൻ സഹായിക്കും.

വ്യു വൺസ് സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടെടുക്കുന്നത് വിലക്കി

ഒറ്റത്തവണ മാത്രം കാണാവുന്ന രീതിയിൽ ചിത്രങ്ങളും വീഡിയോകളും അയക്കാവുന്ന വ്യൂ വൺസ് മെസേജ് സംവിധാനം അടുത്തിടെയാണ് വാട്സാപ്പ് അവതരിപ്പിച്ചത്. അതിനോടുള്ള ഒരു കൂട്ടിച്ചേർക്കലാണ് ഈ അപ്ഡേറ്റ്. വ്യൂ വൺസ് മെസേജുകളുടെ സക്രീൻ ഷോട്ട് ഇത്രയും നാളും എടുക്കുവാൻ സാധിച്ചിരുന്നു. ഇത് ആ ഫീച്ചറിന്റെ ഉപയോഗം ഇല്ലാതാക്കുന്നു എന്ന പരാതിയുണ്ടായിരുന്നു. അതിനെ തുടർന്നാണ് പുതിയ അപ്ഡേറ്റ് പുറത്തിറക്കിയത്. ഈ അപ്ഡേറ്റ് നിലവിൽ വന്നാൽ വ്യ വൺസ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല.

ബീറ്റ ഉപയോക്താക്കൾക്ക് നിലവിൽ ഈ ഫീച്ചറുകൾ ലഭ്യമായിട്ടുണ്ട്. ഈ മാസം തന്നെ എല്ലാ ഉപഭോക്താക്കൾക്കും ഈ അപ്‌ഡേറ്റുകൾ നൽകുമെന്ന് വാട്സാപ്പ് അറിയിച്ചിട്ടുണ്ട്.

കോളുകളും സന്ദേശങ്ങളുടെയും എൻഡു-ടു-എൻഡ് എൻക്രിപ്ഷൻ, ബാക്കപ്പിനും എൻക്രിപ്ഷൻ, ഡിസപ്പയറിങ് സന്ദേശങ്ങൾ, ടു സ്റ്റെപ്പ് വേരിഫിക്കേഷൻ എന്നിവയെല്ലാം സുരക്ഷയുടെയും സ്വകാര്യതയുടേയും ഭാഗമായി വാട്സാപ്പിൽ നിലവിലുള്ള ഫീച്ചറുകളാണ്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News