ചിത്രങ്ങൾക്ക് മാത്രമല്ല ടെക്സ്റ്റ് മെസേജിനും 'വ്യൂ വൺസ്': പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
ഒറ്റത്തവണ മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ് 'വ്യൂ വണ്‍സ്'ഫീച്ചറിന്റെ പ്രത്യേകത.
ന്യൂയോര്‍ക്ക്: ജനപ്രിയ ആപ്ലിക്കേഷനായ വാട്സ്ആപ്പ് അടിക്കടി അപ്ഡേറ്റുകള്‍കൊണ്ട് പ്രേക്ഷകരുടെ കയ്യടി വാങ്ങുകയാണ്. ഇത്തരത്തിൽ വാട്സ്ആപ്പിൽ പുതുതായി അവതരിപ്പിക്കാൻ പോകുന്ന ഫീച്ചറാണ് 'വ്യൂ വണ്‍സ് ടെക്‌സ്റ്റ്' ഫീച്ചര്‍. നിലവില്‍ 'വ്യൂ വണ്‍സ്'ഫീച്ചറുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ സാധിക്കുന്നുണ്ട്. ഇതാണിപ്പോള്‍ ടെകസ്റ്റുകളിലേക്കും കൊണ്ടുവരുന്നത്.
ഒറ്റത്തവണ മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ് 'വ്യൂ വണ്‍സ്'ഫീച്ചറിന്റെ പ്രത്യേകത. 'വ്യൂ വണ്‍സ് ടെക്‌സ്റ്റ്' ഫീച്ചര്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വാട്‌സാപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. വ്യൂ വണ്‍സ് ടെക്സ്റ്റ് ഫീച്ചറിന് മറ്റുചില പ്രത്യേകതകള്‍ കൂടിയുണ്ടാകും. ഈ മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കാനോ ഫോര്‍വേഡ് ചെയ്യാനോ കോപ്പി ചെയ്യാനോ സാധ്യമാകില്ല.
അതേസമയം വാട്സ്ആപ്പിൽ പുതുതായി അവതരിപ്പിച്ചൊരു ഫീച്ചറാണ് തനിയെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ (disappearing messages). ഗ്രൂപ്പിലോ വ്യക്തിഗത ചാറ്റുകളിലോ അയക്കുന്ന മെസേജുകള്‍ ഏഴ് ദിവസത്തിന് ശേഷം തനിയെ അപ്രത്യക്ഷമാവും. വ്യക്തിഗത ചാറ്റുകളിൽ അയക്കുന്ന വ്യക്തിക്ക് തനിയെ ഈ സംവിധാനം ഓൺ ചെയ്യാമെങ്കിൽ ഗ്രൂപ്പ് ചാറ്റുകളുടെ കാര്യത്തിൽ, അഡ്മിന് മാത്രമേ ഈ സംവിധാനം ഓൺ ചെയ്യാൻ സാധിക്കൂ. ഏഴ് ദിവസത്തിന് ശേഷം ഡിസപ്പീയറിങ് മെസ്സേജ് ഓപ്ഷനിൽ അയച്ച സന്ദേശം മാത്രമേ അപ്രത്യക്ഷമാവൂ.
ഉപയോക്താവിന്റെ സുരക്ഷ പരിഗണിച്ചാണ് പുതിയ ഫീച്ചറുകള്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നത്. നിലവിൽ അയയ്ക്കുന്ന ടെക്സ്റ്റ് മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കെയാണ് സുരക്ഷ കൂടുതൽ ഉറപ്പാക്കുന്ന വ്യൂ വൺസ് ഫീച്ചർ ടെക്സ്റ്റ് മെസേജുകളിലേക്കും വാട്സ്ആപ്പ് കൊണ്ടുവരുന്നത്. ലോക്ക് ചിഹ്നത്തോടുകൂടിയ ഒരു ബട്ടൻ ആണ് പുതിയ വ്യൂ വൺസ് ടെക്സ്റ്റ് മെസേജ് ഫീച്ചറിനായി വാട്സ്ആപ്പ് തയാറാക്കിയിരിക്കുന്നതെന്നാണ് വിവരം.