'ഗ്രൂപ്പിലെ ആരുടെ മെസേജും അഡ്മിന് ഡിലീറ്റ് ചെയ്യാം'; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
സ്വന്തം സന്ദേശങ്ങൾ നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാൻ കഴിയൂ എന്നതിൽ നിന്ന് മാറി ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങൾ അഡ്മിന് കൂടി ഡിലീറ്റ് ചെയ്യാമെന്ന ഫീച്ചറാണ് പുതിയതായി വരാനിരിക്കുന്നത്
വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന മാറ്റവുമായി വാട്‌സ്ആപ്പ്. പുതിയ വേർഷനിലാണ് മാറ്റങ്ങൾ എത്തുക. സ്വന്തം സന്ദേശങ്ങൾ നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാൻ കഴിയൂ എന്നതിൽ നിന്ന് മാറി ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങൾ അഡ്മിന് കൂടി ഡിലീറ്റ് ചെയ്യാമെന്ന ഫീച്ചറാണ് പുതിയതായി വരാനിരിക്കുന്നത്.
അതോടൊപ്പം അയച്ച മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി രണ്ട് ദിവസമായി ഉയർത്താനും വാട്‌സ്ആപ്പ് തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. ബീറ്റ ടെസ്റ്റുകളിൽ വാട്ട്സ്ആപ്പ് ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചെന്നാണ് വിവരം. വാട്ട്സ്ആപ്പിന്റെ 2.22.17.12 എന്ന പതിപ്പിലായിരിക്കും പുതിയ മാറ്റമുണ്ടാകുന്നത്.
നിങ്ങൾ അഡ്മിനായിരിക്കുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിങ്ങളുടേതല്ലാതെ മറ്റാരുടെയെങ്കിലും മെസേജ് പ്രസ് ചെയ്യുമ്പോൾ ഡിലീറ്റ് ഫോർ ഓൾ ഓപ്ഷന് കാണുന്നുണ്ടെങ്കിലും പുതിയ മാറ്റം നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലും എത്തിയെന്ന് ഉറപ്പിക്കാം. അഡ്മിൻ നിങ്ങളുടെ മെസേജ് ഡിലീറ്റ് ചെയ്താൽ മെസേജ് ഡിലീറ്റഡ് ആയതായി നിങ്ങൾക്കും മുഴവൻ ഗ്രൂപ്പ് അംഗങ്ങൾക്കും ഒരുപോലെ കാണാൻ സാധിക്കും. നിശ്ചിതസമയത്തിനുള്ളിലാകും അഡ്മിന് മെസേജ് ഡിലീറ്റ് ചെയ്യാൻ കഴിയുക.