വാട്സആപ്പ് 'ചാനൽ' ഫീച്ചർ ഇപ്പോൾ ഇന്ത്യയിലും

അഡ്മിന് മാത്രം മെസേജ് അയക്കാൻ സാധിക്കുന്ന രീതിയിലാണ് ചാനലുകൾ പ്രവർത്തിക്കുക

Update: 2023-09-13 15:52 GMT
Advertising

ടെലഗ്രാമിലെ ചാനലുകൾക്ക് സമാനമായ ചാനൽ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഇൻസ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾക്ക് സമാനമായി ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകൾ പങ്കുവെക്കാനാകും.2023 ജൂണിലാണ് ഈ ഫീച്ചർ വാട്സ്ആപ്പ് ആദ്യമായി അവതരിപ്പിച്ചത്. മറ്റു ചാറ്റുകളിൽ നിന്ന് വിഭിന്നമായി ചാനലുകൾ പിന്തുടരുന്നവർക്ക് മറ്റുള്ള ഫോളോവേഴ്‌സിന്റെ ഐഡന്റിറ്റി അറിയാൻ സാധിക്കില്ല. എന്നാൽ അഡ്മിന് ഫോളോവേഴ്സിൻ്റെ പ്രൊഫൈൽ കാണാൻ സാധിക്കും. അഡ്മിന് മാത്രം മെസേജ് അയക്കാൻ സാധിക്കുന്ന രീതിയിലാണ് ചാനലുകൾ പ്രവർത്തിക്കുക. ഇന്ത്യക്ക് പുറമെ 150ലധികം രാജ്യങ്ങൾ ഈ ഫീച്ചർ ലഭിക്കും.

ഇതിനായി വാട്‌സ് ആപ്പ് അപ്‌ഡേറ്റ്‌സ് എന്ന പുതിയ ടാബ് അവതരിപ്പിക്കുന്നുണ്ട്. നേരത്തെ സ്റ്റാറ്റസ് ടാബുള്ളിടത്താണ് ഇപ്പോൾ അപ്‌ഡേറ്റസ് ടാബുള്ളത്. ഇൻവിറ്റേഷൻ ലിങ്കിലൂടെയാണ് ഉപയോക്താക്കൾക്ക് ഒരു ചാനലിലേക്ക് ആക്‌സസ് ചെയ്യാൻ സാധിക്കുക. ഉപയോക്താക്കൾക്ക് അവരുടെ താത്പര്യത്തിനനുസരിച്ച് ചാനലുകൾ സെർച്ച് ചെയ്തു കണ്ടു പിടിക്കാൻ സാധിക്കും. ഇൻസ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികൾ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാനാവുക. ആകെ പ്രതികരണങ്ങളുടെ എണ്ണം കാണാൻ സാധിക്കുമെങ്കിലും അഡ്മിന്റെ വ്യക്തിഗതമായ മറുപടി ഫോളോവേഴ്‌സിന് കാണാൻ സാധിക്കില്ല. അഡ്മിന് തന്റെ പോസ്റ്റുകൾ 30 ദിവസം വരെ എഡിറ്റ് ചെയ്യാൻ സാധിക്കും. അതുപോലെ അഡ്മിന് ചാനലിലെ കണ്ടന്റുകളുടെ ലിങ്കുകൾ ഗ്രൂപ്പുകളിലും ചാറ്റുകളിലും പങ്കുവെക്കാൻ സാധിക്കും.

ചാനലിൽ മെസേജുകൾ അധികമാകുന്നത് നിയന്ത്രിക്കാൻ 30 ദിവസം മാത്രമെ വാട്‌സ്ആപ്പ് ചാനൽ ഹിസ്റ്ററി സൂക്ഷിക്കുകയുള്ളു. ഫോളോവേഴ്‌സിന്റെ ഡിവൈസിൽ അപ്‌ഡേറ്റുകൾ കൂടുതൽ വേഗത്തിൽ അപ്രത്യക്ഷമാകുന്ന ഫിച്ചറും അഡ്മിൻമാർക്ക് അവരുടെ ചാനലുകളിൽ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതും ഫോർവേർഡ് ചെയ്യുന്നതും തടയാനുള്ള ഫീച്ചറും കമ്പനി ഉടൻ അവതരിപ്പിച്ചേക്കും. അതുപോലെ അഡ്മിന് തന്റെ ചാനൽ ആരൊക്കെ ഫോളോ ചെയ്യണമെന്ന് തീരുമാനിക്കാനും സാധിക്കും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News