വാട്‌സ്ആപ്പിൽ ഇനി സ്റ്റാറ്റസുകൾ തിരഞ്ഞ് നടക്കേണ്ട; ഇനി മുതൽ ചാറ്റ് ലിസ്റ്റിൽ കാണാം
ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിരവധി സവിശേഷതകളാണ് വാട്‌സ്ആപ്പ് അടുത്തിടയായി അവതരിപ്പിക്കുന്നത്
സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി വാട്‌സ്ആപ്പ്. സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ചാറ്റ് ലിസ്റ്റിൽ തന്നെ കാണാൻ സാധിക്കുന്ന പുതിയ സവിശേഷത അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് ഒരുങ്ങുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് പ്രഖ്യാപിച്ച സവിശേഷതകൾക്കൊപ്പമാകും ഇതും ലഭ്യമാകുക.
പരീക്ഷണ അടിസ്ഥാനത്തിൽ ഇത് ചില ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് വാബീറ്റഇൻഫൊ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ സ്റ്റാറ്റസ് ടാബിൽ പോയാൽ മാത്രമെ സ്റ്റാറ്റസുകൾ കാണാൻ സാധിക്കുകയുള്ളു. ഇനി മുതൽ കോൺടാക്ടിലുള്ള ഒരാൾ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്താൽ നിങ്ങൾക്ക് അത് ചാറ്റ് ലിസ്റ്റിൽ തന്നെ കാണാം. പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ മതിയാകും. സ്റ്റാറ്റസുകൾ കാണാനും അപ്‌ഡേറ്റ് ചെയ്യാനും താത്പര്യമില്ലാത്തവർക്ക് ഇത് മ്യൂട്ട് ചെയ്ത് വെക്കാം.
ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിരവധി സവിശേഷതകളാണ് വാട്‌സ്ആപ്പ് അടുത്തിടയായി അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പിൽ ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ തിരിച്ചെടുക്കാനുള്ള സവിശേഷതയും വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ആൻഡ്രോയിഡ് 2.22.13.5 ബീറ്റ വേർഷനിലാണ് ഇത് ലഭ്യമാകുക.