ട്രംപിനെ പിടിച്ചുപുറത്തിട്ട പെൺസിങ്കം; മസ്‌ക് പുറത്താക്കിയ വിജയഗഡ്ഡെ ആരാണ്?
കാപിറ്റോൾ ഹില്ലിലെ കലാപത്തിന് പിന്നാലെയാണ് ട്വിറ്റർ ട്രംപിന് വിലക്കേർപ്പെടുത്തിയത്
ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ആഗോള മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റിന്റെ തലപ്പത്ത് സമൂല അഴിച്ചുപണി നടത്തിയിരിക്കുകയാണ് ഇലോൺ മസ്‌ക്. ആദ്യം തെറിച്ചത് ചീഫ് ഓപറേറ്റിങ് ഓഫീസറായ പരാഗ് അഗ്രവാളാണ്. തൊട്ടുപിന്നാലെ നയമേധാവി വിജയ ഗഡ്ഡെയും സിഎഫ്ഒ നെഡ് സെഗാലും. ശമ്പളവും ആനുകൂല്യവും അടക്കം നൂറ് ദശലക്ഷം യുഎസ് ഡോളറിലേറെ മസ്‌ക് ഇവർക്കായി മുടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
മൂവരുടെയും പുറത്തുപോക്ക് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. ഈ മാനേജ്‌മെന്റിൽ തനിക്ക് വിശ്വാസമില്ലെന്ന് കരാർ ഘട്ടത്തിൽ തന്നെ മസ്‌ക് വ്യക്തമാക്കിയിരുന്നു. ഗഡ്ഡെയ്ക്ക് 12.5 ദശലക്ഷം ഡോളറും അഗ്രവാളിന് 38.7 മില്യൺ ഡോളറും സെഗലിന് 25.4 മില്യൺ ഡോളറുമാണ് നഷ്ടപരിഹാരം നൽകേണ്ടി വരിക. കമ്പനി ചീഫ് കസ്റ്റമർ ഓഫീസറായ സാറ പെർസൊണെറ്റയ്ക്ക് 11.2 മില്യൺ ഡോളറും ലഭിക്കും. ട്വിറ്ററിൽ ഇവർക്കുള്ള ഓഹരികൾ അടക്കമാണ് നഷ്ടപരിഹാരം. വിഷയത്തിൽ കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
പുറത്തുപോകുന്ന മൂന്നു പേരിൽ ഒരാളായ വിജയ ഗഡ്ഡെ കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ തീരുമാനമെടുത്ത ഉദ്യോഗസ്ഥയാണ്. യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ട്വിറ്റിൽനിന്ന് എന്നെന്നേക്കുമായി വിലക്കാൻ തീരുമാനമെടുത്തത് അവരാണ്. ട്വിറ്റർ നയ-വിശ്വാസ-സുരക്ഷാ വിഭാഗത്തിന്റെ മേധാവി എന്ന നിലയിലാണ് അവർ ആ തീരുമാനം കൈക്കൊണ്ടിരുന്നത്. കാപിറ്റോൾ ഹില്ലിലെ കലാപത്തിന് പിന്നാലെയാണ് ട്വിറ്റർ ട്രംപിന് വിലക്കേർപ്പെടുത്തിയത്.
1974 തെലുഗ് കുടുംബത്തിലാണ് ഗഡ്ഡെയുടെ ജനനം. മൂന്നാം വയസ്സിൽ യുഎസിലേക്ക് കുടിയേറി. ന്യൂയോർക്കിലെ കോണെൽ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയ ആൻഡ് ലേബർ റിലേഷനിൽ ബിരുദപഠനം. ബിരുദശേഷം ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലോയിൽ നിയമപഠനം. അമേരിക്കൻ അറ്റോണി ആയിരിക്കെയാണ് ട്വിറ്ററിൽ ജോലി നേടിയത്. ഫോർച്യൂൺ ഇന്ത്യയുടെ റിപ്പോർട്ടു പ്രകാരം ആറ് ദശലക്ഷം യുഎസ് ഡോളറാണ് ഇവരുടെ വാർഷിക ശമ്പളം.
44 ബില്യൺ യുഎസ് ഡോളറിനാണ് ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവിയായ മസ്‌ക് ട്വിറ്റർ വാങ്ങിയത്. കരാറിൽനിന്ന് പിന്മാറാൻ മസ്‌ക് ശ്രമം നടത്തിയിരുന്നെങ്കിലും കോടതിയെ സമീപിക്കുമെന്ന് ട്വിറ്റർ പറഞ്ഞതോടെ അതു വിജയിച്ചിരുന്നില്ല.