സ്‌കിപ് ചെയ്യാനാകാത്ത അഞ്ചു പരസ്യവുമായി യൂട്യൂബ്; ട്വിറ്ററിൽ പരിഹാസം
യൂട്യൂബ് വീഡിയോ കാണുന്നതിനിടയിൽ പരസ്യം വരാതിരിക്കാൻ രണ്ടു വഴികളുണ്ട്
വീഡിയോകളിൽ സ്‌കിപ് ചെയ്യാനാകാത്ത അഞ്ചു പരസ്യം യൂട്യൂബ് പരീക്ഷിക്കുന്നുവെന്ന് വാർത്ത. നിലവിൽ രണ്ടു പരസ്യങ്ങൾ മാത്രമാണ് പൂർണമായി കണ്ടുതീർക്കേണ്ടി വരുന്നത്. എന്നാലിതിന് പകരം സൗജന്യ ഉപഭോക്താക്കൾ അഞ്ചു പരസ്യം പൂർണമായി കാണേണ്ടിവരും. പരസ്യങ്ങൾ എല്ലാ വീഡിയോകളിലും ഉണ്ടാകില്ലെന്നും അധികം ദൈർഘ്യമുണ്ടായിരിക്കില്ലെന്നുമാണ് യൂട്യൂബ് അധികൃതർ വ്യക്തമാക്കുന്നത്. ആറു സെക്കൻഡ് മാത്രമായിരിക്കും പരസ്യമുണ്ടാകുകയെന്നും അവർ പറയുന്നു. ബംപർ പരസ്യങ്ങളാണ് ഇത്തരത്തിലുണ്ടാകുകയെന്നും ഇവ ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഫീഡ്ബാക്ക് ടൂൾ ഉപയോഗിച്ച് അറിയിക്കാമെന്നും യൂട്യൂബ് അറിയിക്കുന്നു. ഇത്തരത്തിലാണെങ്കിൽ യൂട്യൂബിൽ ഒരു വീഡിയോ കാണുന്നതിനിടയിൽ 30 സെക്കൻഡ് ഒരാൾ കാത്തിരിക്കേണ്ടിവരും.
വീഡിയോക്കിടയിലെ പരസ്യം എങ്ങനെ ഒഴിവാക്കാം?
യൂട്യൂബ് വീഡിയോ കാണുന്നതിനിടയിൽ പരസ്യം വരാതിരിക്കാൻ രണ്ടു വഴികളുണ്ട്. ഡെസ്‌ക്‌ടോപ്പിൽ ഗൂഗിൾ ക്രോം വഴിയാണ് യൂട്യൂബ് കാണുന്നതെങ്കിൽ ആഡ് ബ്ലോക്കർ ഉപയോഗിക്കാം. രണ്ടാമത്തെ വഴിക്ക് കുറച്ചു പണച്ചെലവുണ്ട്. പക്ഷേ പരസ്യമൊഴിവാക്കുന്നതിന് പുറമേ വേറെയും ഉപകാരങ്ങളുണ്ട്. മാസത്തില 129 രൂപയുടെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ വാങ്ങിയാൽ പരസ്യങ്ങളില്ലാതെ വീഡിയോ കാണാം. യൂട്യൂബ് മ്യൂസിക് ആപ്പ് സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം. യൂട്യൂബിൽ എല്ലാ ഗാനങ്ങളും ലഭ്യമാണെന്നിരിക്കെ സ്‌പോട്ടിഫൈക്കും സാവനും ഈ സൗകര്യം തിരിച്ചടിയാണ്. ഇതിലൂടെ പാട്ടു കേൾക്കുന്നതിന് പുറമേ വീഡിയോ ഡൗൺലോഡിങ്, വരികൾ പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യാവുന്നതാണ്. വീഡിയോ കാണുമ്പോൾ പിക്ച്ചർ ഇൻ പിക്ച്ചർ ( പി.ഐ.പി) മോഡ് ഉപയോഗിക്കാനുമാകും.
ട്വിറ്ററിൽ പരിഹാസപ്പെരുമഴ
ഒഴിവാക്കാനാകാത്ത അഞ്ചു പരസ്യങ്ങൾ കൊണ്ടുവരുന്നത് യൂട്യൂബിനെതിരെ വൻ പരിഹാസത്തിനും വിമർശനത്തിനും വഴിവെച്ചിരിക്കുകയാണ്. ട്വിറ്ററിൽ നിരവധി ഉപഭോക്താക്കളാണ് ഇത് സംബന്ധിച്ച് പോസ്റ്റുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
YouTube with five unskippable ads