ഇന്റര്‍നെറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ച് ഐഡിയ
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഐഡിയ മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ചു.
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഐഡിയ മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ചു. 45 ശതമാനം വരെയാണ് ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഡാറ്റ നിരക്കില്‍ ആനുകൂല്യം ലഭിക്കുക. 2ജി, 3ജി, 4ജി നിരക്കുകളില്‍ ഈ നിരക്ക് മാറ്റം വെള്ളിയാഴ്ച മുതല്‍ ലഭ്യമാണെന്ന് ഐഡിയ അധികൃതര്‍ അറിയിച്ചു.
സൗജന്യ വോയ്‌സ് കോളുകള്‍ക്കൊപ്പം ഇന്റര്‍നെറ്റ് ഡാറ്റ 25 ശതമാനം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്ന റിലയന്‍സ് ജിയോ 4 ജി സേവനം ആഗസ്തില്‍ ഉപഭോക്താക്കളിലേക്ക് എത്താനിരിക്കെയാണ് ഇന്റര്‍നെറ്റ് നിരക്കുകള്‍ ഒരുപടി മുമ്പേ വെട്ടിക്കുറിച്ച് ഐഡിയ രംഗത്തുവന്നത്. ടെലികോം രംഗത്തേക്ക് തിരിച്ചെത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സ്റ്റാര്‍ട്ട് അപ്പാണ് ജിയോ. അതുകൊണ്ട് തന്നെ ഐഡിയക്ക് പിന്നാലെ മറ്റു ടെലികോം കമ്പനികളും നിരക്ക് കുറക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് സൂചന.
ഐഡിയ നിലവില്‍ ഒരു ജിബിക്ക് താഴെയുള്ള ഓഫറുകളിലാണ് കുറവ് വരുത്തിയിരിക്കുന്നത്. 8 രൂപ മുതല്‍ 225 രൂപവരെയുള്ള ഓഫറുകളാണ് ഐഡിയ മുന്നോട്ടുവെക്കുന്നത്. മുമ്പ് 2ജിയില്‍ 19 രൂപക്ക് 75 എംബി മൂന്നു ദിവസത്തേക്ക് ലഭ്യമാക്കിയിരുന്നത്, ഇനി മുതല്‍ 110 എംബി ലഭിക്കും. ഇതുപോലെ തന്നെ 22 രൂപയ്ക്ക് 66 എംബി 4ജി, 3ജി ഡാറ്റ മൂന്ന് ദിവസത്തേക്ക് ലഭിച്ചിരുന്ന ഓഫറില്‍ ഇനി മുതല്‍ 90 എംബി ലഭിക്കും.