ജിയോയ്ക്ക് എയര്‍ടെല്‍ 3ജിയുടെ വേഗത പോലുമില്ലെന്ന് റിപ്പോര്‍ട്ട്
അരവര്‍ഷത്തിലേറെ നീണ്ട സൌജന്യ സേവനത്തിനു ശേഷം റിലയന്‍സിന്റെ 4ജി നെറ്റ്‍വര്‍ക്കായ ജിയോ നിരക്കടിസ്ഥാനത്തിനുള്ള സേവനത്തിലേക്ക് പ്രവേശിച്ചതോടെ വേഗത ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്.
അരവര്‍ഷത്തിലേറെ നീണ്ട സൌജന്യ സേവനത്തിനു ശേഷം റിലയന്‍സിന്റെ 4ജി നെറ്റ്‍വര്‍ക്കായ ജിയോ നിരക്കടിസ്ഥാനത്തിനുള്ള സേവനത്തിലേക്ക് പ്രവേശിച്ചതോടെ വേഗത ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. 3ജി, 4ജി വേഗത പരിശോധിക്കുന്ന ഓപ്പണ്‍ സിഗ്‍നല്‍ എന്ന സ്ഥാപനമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
എയര്‍ടെല്ലിന്റെ 4ജി വേഗത ശരാശരി 11.5 എംബിപിഎസ് ആയിരിക്കെ ഏറ്റവും വേഗത അവകാശപ്പെടുന്ന ജിയോയുടെ ശരാശരി വേഗത 3.92 എംബിപിഎസാണ്. അതായത് എയര്‍ടെല്ലിന്റെ 3ജി വേഗതയായ 4.77 എംബിപിഎസിനേക്കാള്‍ താഴ്‍ന്ന നിലയിലാണ് ജിയോ എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍നെറ്റ് വേഗതയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ സ്ഥിരതയുമെല്ലാം പരിശോധിച്ച ശേഷമാണ് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. 4ജിയില്‍ ഡൌണ്‍ലോഡ് വേഗതയില്‍ വൊഡാഫോണ്‍ (8.59 Mbps) രണ്ടാമതും ഐഡിയ (8.34 Mbps) മൂന്നാം സ്ഥാനത്തുമായിരിക്കെ നാലാം സ്ഥാനത്താണ് ജിയോ. ഇതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ 4ജി ഉപഭോക്താക്കളെ സ്വന്തമാക്കിയിട്ടുള്ളത് ജിയോ ആണ്. ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ എയര്‍ടെല്‍ നാലാം സ്ഥാനത്തും ഐഡിയയും വൊഡാഫോണും രണ്ടും മൂന്നും സ്ഥാനത്തുമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ 4ജി വേഗത നല്‍കുന്ന സംസ്ഥാനം മുംബൈയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.