ഗൂഗിളിന് യൂറോപ്യന്‍ കമ്മീഷന്റെ 15,600 കോടി പിഴ
90 ദിവസത്തിനുള്ളില്‍ ഗൂഗിള്‍ തിരച്ചില്‍ ഫലങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കൂടുതല്‍ പിഴ ഒടുക്കേണ്ടി വരുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്.
ഗൂഗിളിന് 2.42 ബില്യണ്‍ ഡോളറിന്റെ(ഏകദേശം 15,600 കോടി രൂപ) റെക്കോഡ് പിഴ ചുമത്തി യൂറോപ്യന്‍ കമ്മീഷന്‍. തങ്ങളുടെ തിരച്ചില്‍ ഫലങ്ങളില്‍ പണം നല്‍കുന്ന കമ്പനികളെ അനധികൃതമായി മുന്നിലെത്തിച്ചെന്നതാണ് ഗൂഗിളിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 90 ദിവസത്തിനുള്ളില്‍ ഗൂഗിള്‍ തിരച്ചില്‍ ഫലങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കൂടുതല്‍ പിഴ ഒടുക്കേണ്ടി വരുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്.
മൂന്ന് മാസത്തിനുള്ളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ പ്രതിദിന വരുമാനത്തിന്റെ അഞ്ച് ശതമാനം പിഴയായി ഒടുക്കേണ്ടി വരും. കമ്പനിയുടെ ഏറ്റവും ഒടുവിലെ ധനകാര്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം 14 ദശലക്ഷം ഡോളര്‍ വരും ഇത്. യൂറോപ്യന്‍ കമ്മീഷന്റെ ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗൂഗിള്‍ ഷോപ്പിംങിനെതിരെ 2010 മുതല്‍ യൂറോപ്യന്‍ കമ്മീഷന്‍ അന്വേഷണം നടത്തുന്നുണ്ട്. മൈക്രോസോഫ്റ്റ് നല്‍കിയ പരാതിയിലാണ് അന്വേഷണവും നടപടിയും. വിഷയത്തില്‍ പ്രതികരിക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഗൂഗിളും മൈക്രോസോഫ്റ്റും പരസ്പരമുള്ള നിയമനടപടികള്‍ പരമാവധി ഒഴിവാക്കണമെന്ന ധാരണയിലെത്തിയിരുന്നു.
യൂറോപ്യന്‍ ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ശരിയായ തെരഞ്ഞെടുപ്പിന് സഹായിച്ചില്ലെന്നും യോഗ്യതക്കനുസരിച്ച് മുന്നിലെത്താന്‍ കമ്പനികളെ അനുവദിച്ചില്ലെന്നതുമാണ് യൂറോപ്യന്‍ കമ്മീഷന്‍ ഗൂഗിളിനെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. യൂറോപ്യന്‍ ആന്റിട്രസ്റ്റ് നിയമപ്രകാരം ഉപഭോക്താക്കളെ പറ്റിക്കുന്ന ഇത്തരം നടപടികള്‍ നിയമവിരുദ്ധമാണ്.