സൗജന്യം മതിയാക്കാം; ഇനിയും റീചാര്‍ജ് ചെയ്യാത്തവരെ ജിയോ ഒഴിവാക്കുന്നു
കഴിഞ്ഞ സെപ്തംബറില്‍ ആരംഭിച്ച സൗജന്യ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങി ജിയോ.
കഴിഞ്ഞ സെപ്തംബറില്‍ ആരംഭിച്ച സൗജന്യ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങി ജിയോ. ഇനിയും റീചാര്‍ജ് ചെയ്യാതെ സൗജന്യ സേവനം പറ്റുന്ന ഉപഭോക്താക്കളെ ഒഴിവാക്കാനാണ് ജിയോയുടെ തീരുമാനം.
ഏപ്രില്‍ 15ന് ഔദ്യോഗികമായി സൗജന്യ സേവനം അവസാനിപ്പിച്ചെങ്കിലും റീചാര്‍ജ് ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും ജിയോ ഡാറ്റയും കോളും നല്‍കുന്നുണ്ട്. എന്നാല്‍ പലവട്ടം റീചാര്‍ജ് ചെയ്യാന്‍ അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് അവഗണിക്കുന്നവരെ ഇനിയും വച്ചുപൊറുപ്പിക്കാന്‍ ജിയോ തയാറല്ലെന്നാണ് റിപ്പോര്‍ട്ട്. റീചാര്‍ജ് ചെയ്യാത്ത ഉപഭോക്താക്കളെ ഒറ്റയടിക്ക് ഒഴിവാക്കാനും ജിയോയ്ക്ക് പദ്ധതിയില്ല. ഏതാനും തവണ കൂടി റീചാര്‍ജ് ചെയ്യാനുള്ള എസ്എംഎസ് നല്‍കിയിട്ടും അത് അവഗണിക്കുന്നവരെ ഘട്ടംഘട്ടമാണ് ഒഴിവാക്കാനാണ് ജിയോയുടെ തീരുമാനം. ഇതിനുള്ള നടപടികള്‍ ഇന്നലെ രാത്രിയോടെ ആരംഭിക്കുകയും ചെയ്തു.
ഇതേസമയം, പ്രൈം അംഗത്വം സ്വന്തമാക്കുന്നതിനൊപ്പം സമ്മര്‍ സര്‍പ്രൈസ് ഓഫറിന് പകരമായി പ്രഖ്യാപിച്ച ധന്‍ ധനാ ഓഫറില്‍ പങ്കാളികളാകാനുള്ള അവസരം ജിയോ ബാക്കിവെച്ചിട്ടുണ്ട്. ധന്‍ ധനാ ഓഫറിനൊപ്പം പ്രൈം അംഗത്വം സ്വന്തമാക്കാനും കഴിയും. എന്നാല്‍ ഈ ഓഫര്‍ കാലാവധി എത്ര ദിവസം ബാക്കിയുണ്ടെന്ന് വ്യക്തമല്ല.