ഞെട്ടിക്കാന്‍ വീണ്ടും ജിയോ; അണ്‍ലിമിറ്റഡ് ഓഫര്‍ 2018 മാര്‍ച്ച് വരെ
എയര്‍ടെല്ലും ഐഡിയയും ബിഎസ്എന്‍എല്ലും അടക്കം രാജ്യത്തെ മറ്റു ടെലികോം കമ്പനികളെ ഞെട്ടിച്ച് റിലയന്‍സ് ജിയോ.
എയര്‍ടെല്ലും ഐഡിയയും ബിഎസ്എന്‍എല്ലും അടക്കം രാജ്യത്തെ ടെലികോം കമ്പനികളെ ഞെട്ടിച്ച് റിലയന്‍സ് ജിയോ. അണ്‍ലിമിറ്റഡ് ഓഫര്‍ 2018 മാര്‍ച്ച് 31 വരെ നീട്ടിയതായി റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു. നേരത്തെ 2017 മാര്‍ച്ച് അവസാനം വരെയായിരുന്നു സൌജന്യ ഓഫറിന്റെ കാലാവധി. ഇതാണ് താരതമ്യേന കുറഞ്ഞ നിരക്കില്‍ ജിയോ നീട്ടിയത്.
മാര്‍ച്ച് ഒന്ന് മുതല്‍ ജിയോയുടെ പ്രാഥമിക അംഗത്വ വിതരണം ആരംഭിക്കും. അംഗത്വം നേടാന്‍ 99 രൂപയാണ് ജിയോ ഈടാക്കുന്നത്. ഈ തുക നല്‍കി അംഗത്വം നേടിക്കഴിഞ്ഞാല്‍ അടുത്ത 12 മാസം കൂടി(മാര്‍ച്ച് 31 വരെ) അണ്‍ലിമിറ്റഡ് ഓഫര്‍ സ്വന്തമാകും. ഇതേസമയം, അംഗത്വം മാത്രം പോര, പ്രതിമാസം 303 രൂപയുടെ പാക്ക് കൂടി ആക്ടിവേറ്റ് ചെയ്താല്‍ മാത്രമെ ഈ ഓഫര്‍ ആസ്വദിക്കാന്‍ കഴിയൂ. ദിവസം 10 രൂപക്ക് പരിധികളില്ലാത്ത ഉപഭോഗം ആണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. അംഗത്വം നേടാനുള്ള അവസാന ദിവസം മാര്‍ച്ച് 31 ആയാണ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നു മുതലാണ് ജിയോയുടെ 303 രൂപ പാക്ക് തുടങ്ങുക. മറ്റു ടെലികോം കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ നിരക്കാണിത്. മറ്റുള്ളവര്‍ 300 രൂപയുടെ പാക്കില്‍ പരമാവധി 4-5 ജിബി വരെ ഡാറ്റ മാത്രം നല്‍കുമ്പോഴാണ് ജിയോ പരിധികളില്ലാത്ത ഡാറ്റയും റോമിങ് അടക്കമുള്ള കോളും വാഗ്ദാനം ചെയ്യുന്നത്. പുതിയ ഓഫര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാന എതിരാളികളായ ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില 2.5 ശതമാനം കുറഞ്ഞു.